ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്‍മ്മാരില്‍ ഒരാളായിരുന്നു ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്‍.ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപം നൽകിയ ഭൗതിക ശാസ്ത്രജ്ഞൻ. അടുത്തിടെ ഐൻസ്റ്റീനിന്‍റെ കൈയെഴുത്ത് പ്രതികൾ 11 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.
ഐൻസ്റ്റീൻ എഴുതിയ രണ്ട് രേഖകളാണ് 1.8 മില്ല്യൺ അമേരിക്കൻ ഡോളർ അതായത് ഏതാണ്ട് ഇന്ത്യൻ രൂപ 11 കോടി രൂപയ്ക്ക് വിറ്റത്.സന്തോഷത്തിനുള്ള രണ്ട് സൂത്രവാക്യങ്ങൾ അടങ്ങിയിരിക്കുന്ന ഈ കൈയെഴുത്ത് പ്രതികൾ ജർമ്മൻ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. 1922 ലാണ് ഇത് ടോക്കിയോ കൊറിയറിന് കൈമാറിയത്. 1.56 മില്ല്യൺ അമേരിക്കൻ ഡോളറിന് (10 കോടി) ഇസ്രായേൽ സ്വദേശിക്കായിരുന്നു ആദ്യ രേഖ വിറ്റഴിച്ചത്. ”വിജയം പിന്തുടരുന്നതിനേക്കാൾ ശാന്തവും വിനയത്തോടെയുമുള്ള ജീവിത രീതികൾ സന്തോഷം കൈവരിക്കാൻ” സഹായിക്കുമെന്ന് ഓർമ്മപ്പെടുത്തുന്ന വരികളാണ് ആദ്യ കൈയെഴുത്ത് പ്രതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
240,000 അമേരിക്കൻ ഡോളറിന് (1.5 കോടി) വിറ്റഴിച്ച രണ്ടാമത്തെ രേഖയിൽ ലക്ഷ്യത്തെ കുറിക്കുന്ന വാചകങ്ങളാണ് കുറിച്ചിരിക്കുന്നത്. ”നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ അതിലേക്കുള്ള വഴി കൃത്യമായി നിങ്ങൾക്ക് കണ്ടെത്താനാകും”. ഐൻസ്റ്റീൻ തന്‍റെ പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന മഹത് വാചകങ്ങളാണ് ഈ കൈയെഴുത്ത് പ്രതികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.