ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്റെ തലച്ചോറ് ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുസൂക്ഷിച്ച ആള്‍

0

ലോകം കണ്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍ ആരാണെന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരം മാത്രം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍. ലോകത്തിനു അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ മാത്രം മതി അദ്ദേഹത്തിന്റെ ബുദ്ധി വൈഭവം മനസ്സിലാക്കാന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കണ്ടെത്തലുകളോടൊപ്പം തന്നെ അദ്ദേഹത്തിന്റെ തലച്ചോറിനെക്കുറിച്ചും ബുദ്ധിവൈഭവത്തെക്കുറിച്ചും ഒട്ടേറെ അനുമാനങ്ങളും സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. സാധാരണമനുഷ്യരെ അപേക്ഷിച്ചു ഐന്‍സ്റ്റയിന്‍ന്റെ തലച്ചോറിന് മറ്റുള്ളവരുടെ തലച്ചോറുകളെ അപേക്ഷിച്ച് ഭാരം കൂടുതല്‍ ഉണ്ടായിരുന്നു എന്നും ഐന്‍സ്റ്റയിന്റെ തലച്ചോറിന് മറ്റ് മനുഷ്യരുടേതില്‍ നിന്ന് എന്തോ വ്യത്യാസം ഉണ്ടായിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്.

എന്നാല്‍,ഐന്‍സ്റ്റയിന്റെ മരണശേഷം അദ്ദേഹത്തിന്റെ തലച്ചോറില്‍ നടത്തിയ സൂക്ഷ്മമായ പരീക്ഷണങ്ങള്‍ മേല്‍പ്പറഞ്ഞ ഊഹാപോഹങ്ങള്‍ എല്ലാം തെറ്റാണെന്ന് തെളിയിച്ചു. നമ്മള്‍ പക്ഷെ പറഞ്ഞു തുടങ്ങിയത് ഇതൊന്നുമല്ല,ഐന്‍സ്റ്റയിന്റെ തലച്ചോറ് ഇരുപത് വര്‍ഷങ്ങളോളം ഒളിപ്പിച്ചുസൂക്ഷിച്ച ആ ഡോക്ടറെക്കുറിച്ചാണ്.

1955ല്‍ ഐന്‍സ്റ്റയിന്റെ മരണത്തിന് ഏഴരമണിക്കൂര്‍ ശേഷം ഒട്ടോപ്‌സി ചെയ്ത തോമസ് ഹാര്‍വി എന്ന ഡോക്ടര്‍ അദ്ദേഹത്തിന്റെ തലച്ചോറ് ശരീരത്തില്‍നിന്നും വേര്‍പ്പെടുത്തി. എന്നാല്‍, ഇത് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ അറിവോ സമ്മതമോ വാങ്ങിയതിന് ശേഷമാണോ എന്നത് ഇന്നും തര്‍ക്കവിഷയമാണ്. എന്തായാലും, ഡോക്ടര്‍ ഹാര്‍വി അദ്ദേഹത്തിന്റെ തലച്ചോറ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാനായി സ്വന്തം പക്കല്‍ സൂക്ഷിച്ചു.ഐന്‍സ്റ്റയിന്റെ തലച്ചോറിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത് ന്യൂറോസയന്‍സിന് തന്നെ മുതല്‍ക്കൂട്ടാകും എന്നായിരുന്നു ഹാര്‍വിയുടെ അനുമാനം. enistein_brain

ഐന്‍സ്റ്റയിന്റെ തലച്ചോറിന്റെ വിവിധ വശങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്തശേഷം ഹാര്‍വി അതിനെ തുല്യവലുപ്പത്തിലുള്ള 240 കഷ്ണങ്ങളാക്കി മുറിക്കുകയാണ് ചെയ്തത്. അതിനുശേഷം ഓരോ കഷ്ണവും കനംകുറഞ്ഞ ചെറിയ പാളികള്‍ പോലെ മുറിച്ചെടുത്തു. ഇവ 12 സെറ്റുകള്‍ ഉണ്ടായിരുന്നു. ഓരോ സെറ്റിലും നൂറില്‍ അധികം പാളികള്‍. ഇവയില്‍ 2 സെറ്റുകള്‍ തന്റെ പക്കല്‍ സൂക്ഷിച്ചതിന് ശേഷം ബാക്കിയുള്ള സെറ്റുകള്‍ ഹാര്‍വി അക്കാലത്തെ പ്രശസ്തരായ പാത്തോളജിസ്റ്റുകള്‍ക്ക് അയച്ചുകൊടുത്തു.

 

1978ല്‍ ജേര്‍ണലിസ്റ്റ് ആയ സ്റ്റീവന്‍ ലെവി ആണ് ഡോക്ടര്‍ ഹാര്‍വിയുടെ പക്കല്‍ഐന്‍സ്റ്റയിന്റെ തലച്ചോറ് ഉള്ളതായി കണ്ടെത്തിയത്. ആല്‍ക്കഹോളില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആ ഭാഗങ്ങള്‍ പിന്നീട് ഹാര്‍വിയുടെ ബന്ധുക്കള്‍ 2010ല്‍ നാഷണല്‍ മ്യൂസിയം ഓഫ് ഹെല്‍ത്ത് ആണ്ട് മെഡിസിനില്‍ ഏല്‍പ്പിച്ചു. അവയോടൊപ്പം ഹാര്‍വി എടുത്ത പന്ത്രണ്ടോളം ചിത്രങ്ങളും ഉണ്ടായിരുന്നു.