ഔറംഗാബാദ്: മഹാരാഷ്ട്രയിൽ പ്രശസ്തമായ എല്ലോറ ഗുഹാക്ഷേത്രത്തിന്റെ ഭാഗമായ ലങ്കേശ്വർ ഗുഹയുടെ നവീകരണ- സംരക്ഷണ പ്രവൃത്തികൾക്ക് പുരാവസ്തു ഗവേഷണ വകുപ്പിന്റെ ശാസ്ത്ര വിഭാഗം തുടക്കം കുറിച്ചു. നിലവിൽ അടച്ചിട്ടിരിക്കുന്ന ഗുഹാക്ഷേത്രം സന്ദർശകർക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടാണു നടപടി.
ബ്രഹ്മാവ്, വിഷ്ണു, മഹേശ്വര വിഗ്രഹങ്ങളും രാവണ നിഗ്രഹവും ചിത്രീകരിച്ചിട്ടുള്ള ഗുഹയാണു ലങ്കേശ്വർ ഗുഹ. കൈലാസ് ഗുഹയോടു ചേർന്നാണിത്. എല്ലോറ ഗുഹാക്ഷേത്ര സമുച്ചയത്തിന്റെ രണ്ടാം നിലയിലാണു ലങ്കേശ്വർ ഗുഹ. ഇവിടേക്കുള്ള ഇടനാഴിയിൽ വൈദ്യുതീകരണം നടത്തി വിളക്കുകൾ സ്ഥാപിക്കും. ഇടുങ്ങിയ ഇടനാഴിയിൽ വെളിച്ചമില്ലാത്തതിനാൽ അപകടം പതിവായിരുന്നു. ഇതേത്തുടർന്നാണ് ഇത് പൂർണമായി അടച്ചിട്ടത്.
നിലവിൽ വവ്വാലുകളാണ് ഈ ഗുഹയിൽ. വവ്വാലുകളെ തുരത്തുകയും കാഷ്ഠം നീക്കം ചെയ്ത് ചിത്രങ്ങളും വിഗ്രഹങ്ങളും തെളിച്ചെടുക്കുകയും ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വിഗ്രഹങ്ങളിലും ഇടനാഴിയിലും വിള്ളൽ വീണ ഭാഗങ്ങൾ ബലപ്പെടുത്തും. ഒരാഴ്ച നീളുന്ന പരിപാടികൾ പൂർത്തിയായാൽ എല്ലോറ ഗുഹയുടെ സൗന്ദര്യം പൂർണമായി ആസ്വദിക്കാൻ സഞ്ചാരികൾക്കു കഴിയുമെന്ന് ആർക്കിയോളജിക്കൽ കെമിസ്റ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീകാന്ത് മിശ്ര. ലോക പൈതൃകമായി യുഎൻ പ്രഖ്യാപിച്ച കേന്ദ്രമാണ് എല്ലോറ ഗുഹാക്ഷേത്ര സമുച്ചയം.