ദുബായില്‍ എമിറേറ്റ്സ് വിമാനം അപകടത്തില്‍ പെട്ടത് പെട്ടെന്നുള്ള കാറ്റിന്റെ ഗതിമാറ്റം കാരണം;റിപ്പോര്‍ട്ട്‌ പുറത്തുവന്നു

0

എമിറേറ്റ്‌സ് വിമാന അപകടത്തെക്കുറിച്ചുള്ള യുഎഇ വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടു.തിരുവനന്തപുരത്തു നിന്നു ദുബായിലെത്തിയ എമിറേറ്റ്സ് വിമാനം അപകടത്തില്‍പ്പെട്ടത് കാറ്റിന്റെ പെട്ടെന്നുണ്ടായ തീവ്രതയും ഗതിമാറ്റവും കാരണമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ലാന്‍ഡിങ്ങിനിടെയാണു തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനം വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത്.

യുഎഇ ഫെഡറല്‍ വ്യോമയാന അഥോറിറ്റിയാണു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടു പുറത്തുവിട്ടത്. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞിരുന്നു.ഇതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണു നിഗമനം.300 യാത്രക്കാരുമായി അപകടത്തില്‍ പെട്ട ബോയിങ്ങ് 777 വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും അവസാന നിമിഷം വിമാനത്തിന്റെ ലാന്റിങ്ങ് പൈലറ്റ് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു ഇതിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ റെണ്‍വേയിലുരസി വിമാനത്തിനു തീപിടിക്കുകയായിരുന്നു.

ഓഗസ്റ്റ് 3 ന് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പറന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയും. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുഎഇ അഗ്‌നിശമന സേനാംഗം മരിക്കുകയും ചെയ്തിരുന്നു.