എമിറേറ്റ്‌സ് ലഗേജ് നിബന്ധനകളില്‍ മാറ്റം

1

ലഗേജിന്റെ അളവില്‍ മാറ്റം വരുത്തി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് .
ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലാണ് മാറ്റം.

അഞ്ച് കിലോയുടെ കുറവാണ് എമിറേറ്റ്‌സ് വരുത്തിയിരിക്കുന്നത്. ഫെബ്രുവരി നാല് മുതല്‍ പുതുക്കിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. അതേ സമയം ഇക്കണോമി ക്ലാസില്‍ കൂടിയ തുകയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അധിക ലഗേജ് ലഭിക്കും. എമിറേറ്റ്‌സ് ഇക്കണോമി ക്ലാസിനെ സ്‌പെഷല്‍, സേവര്‍, ഫ്‌ലക്‌സ്, ഫ്‌ലക്‌സ് പ്ലസ് എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കിയാണ് തിരിച്ചിരിക്കുന്നത്.

നേരത്തെ എമിറേറ്റ്‌സിന്റെ എക്കണോമി സ്‌പെഷ്യലില്‍ 20 കിലോ ലഗേജ് കൊണ്ടുപോകാമായിരുന്നത് ഇപ്പോള്‍ 15 ആക്കിയാണ് കുറച്ചിരിക്കുന്നത്. ഇക്കണോമി സേവറില്‍ 30 കിലോ ഉണ്ടായിരുന്നത് 25 കിലോ ആക്കി. അതേ സമയം ഫ്‌ലെക്‌സിനും ഫ്‌ലെക്‌സ് പ്ലസിലും നേരത്തെയുണ്ടായിരുന്ന ലഗേജ് പരിധിക്ക് മാറ്റമില്ല. അവ യഥാക്രമം 30 കിലോ, 35 കിലോ എന്നിങ്ങനെയാണ്.

ഫെബ്രുവരി നാല് മുതലാണ് പുതുക്കിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്. ഇതിന് മുന്‍പായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പഴയ കണക്കില്‍ തന്നെ ലഗേജ് കൊണ്ടുപോകാം. അമേരിക്ക, യൂറോപ്പ് എന്നിവ ഒഴികെയുള്ള എല്ലാ സെക്ടറുകളിലും പുതുക്കിയ ലഗേജ് നിബന്ധനകള്‍ ബാധകമാവുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്.