ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദൻ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഓഗസ്റ്റ് 15 ന് മദന്‍ ലോകുര്‍ ഫിജി സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനാകുന്നത്.
മദന്‍ ലോകുര്‍ വിരമിച്ച 2018 ഡിസംബര്‍ 31 ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതില്‍ അദ്ദേഹം ഇപ്പോഴാണ് തീരുമാനമെടുത്തത്. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി.വര്‍ഷത്തില്‍ രണ്ടുതവണയായാണ് ഫിജി സുപ്രീംകോടതി പ്രവര്‍ത്തിക്കുന്നത്. ഒരു സെഷനില്‍ നാല് ആഴ്ചയാണ് കോടതി പ്രവര്‍ത്തിക്കുക.
ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുള്ള പരിചയം ഫിജിയില്‍ സഹായകരമാകുമെന്ന് കരുതുന്നതായും ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വളരെ താത്പര്യമുണര്‍ത്തുന്ന ക്ഷണമാണിതെന്നും അതിനാല്‍ അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2012 ജൂണ്‍ നാലിന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ മദന്‍ ലോകുര്‍ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലായിരുന്നു പ്രധാനമായും പ്രവർത്തിച്ചിരുന്നത്. കോടതികളുടെ കംപ്യൂട്ടർവത്കരണം, ജുഡീഷ്യൽ വിദ്യാഭ്യാസം, നിയമസഹായം തുടങ്ങി ജുഡീഷ്യൽ രംഗത്തെ സുപ്രധാനമായ പരിഷ്കാരങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ലോകുർ.