നിങ്ങളുടെ എഫ്ബി പോസ്റ്റുകളും നാളെ മുതല്‍ പൊതുസ്വത്താവുകയാണെന്നും അതിനെ എതിര്‍ക്കണമെന്നും കാണിച്ചുള്ള പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിഞ്ഞോ അറിയാതെയോ പലരും ഷെയര്‍ ചെയുകയും ചെയ്തിരുന്നു.എന്നാല്‍ ഇതില്‍ വല്ല സത്യവുമുണ്ടോ?
ആ പോസ്റ്റ് ഇങ്ങനെ- ‘ഫെയ്‌സ്ബുക്കില്‍ ഞാനെന്തു പോസ്റ്റ് ചെയ്താലും, അതിനി ഇപ്പോഴായാലും ഭാവിയിലായാലും ഫെയ്‌സ്ബുക്കിനോ അതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ക്കോ അതുപയോഗിക്കാന്‍ അവകാശമില്ല. ഏതെങ്കിലും വിധത്തില്‍ അതെല്ലാം പുറത്തുവിടുകയോ കോപ്പി ചെയ്യുകയോ വിതരണം ചെയ്യുകയോ മറ്റോ ചെയ്താല്‍ അതിനെ നിയമപരമായി നേരിടും. ഈ പ്രൊഫൈലിലെ വിവരങ്ങളെല്ലാം സ്വകാര്യ സ്വത്താണ്. എന്റെ സ്വകാര്യത ഹനിച്ചാല്‍ നിയമ(UCC 1308 1 1 308103 and the Rome Statute) പ്രകാരം തന്നെ ശിക്ഷ നേരിടേണ്ടി വരും.
നോട്ട്: ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പൊതുസ്വത്താണ്. എല്ലാ യൂസര്‍മാരും ഇതുപോലെ പോസ്റ്റ് ചെയ്യണം. കഴിയുമെങ്കില്‍ ഈ പോസ്റ്റ് കോപ്പി പേസ്്റ്റ് ചെയ്യണം.’
ഇങ്ങനെ ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പൊതുസ്വത്താക്കും. പോസ്റ്റ് ഷെയര്‍ ചെയ്യരുത്. കോപ്പി ചെയ്യണം എന്ന മുന്നറിയിപ്പുമായാണ് പോസ്റ്റ് അവസാനിക്കുന്നത്.ഫെയ്‌സ്ബുക്കില്‍ ഇത്തരം പല തട്ടിപ്പുകളും ഇടക്ക് പ്രത്യക്ഷപെടാറണ്ടെങ്കിലും പലരും കേട്ടപ്പാതി കേള്‍ക്കാതെ പാതി വീണ്ടും പോസ്റ്റ് ഷെയര്‍ ചെയ്ത് വൈറലാക്കി.
എന്നാല്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുംമുമ്പ് യൂസര്‍മാര്‍ സമ്മതിക്കുന്ന ടേംസ് ആന്റ് കണ്ടീഷന്‍സ് വായിച്ചാല്‍ തട്ടിപ്പ് പോസ്റ്റിന്റെ പിന്നാമ്പുറം വ്യക്തമാകും എന്നതാണ് സത്യം .ഫെയ്‌സ്ബുക്കിലെ വ്യക്തിഗത വിവരങ്ങളുടെ ഏക അവകാശി അതിന്റെ യൂസര്‍മാര്‍ മാത്രമായിരിക്കുമെന്ന് വ്യക്തതയോടെ ഫെയ്‌സ്ബുക്ക് തന്നെ പറഞ്ഞിട്ടുണ്ട് .തങ്ങളുടെ സ്വകാര്യനയം ഫെയ്‌സ്ബുക്കിന് അത്ര എളുപ്പത്തില്‍ മാറ്റാന്‍ കഴിയില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അക്കാര്യം സംബന്ധിച്ച അറിയിപ്പ് എല്ലാ യൂസര്‍മാര്‍ക്കും നല്‍കേണ്ടതുണ്ട്. യൂസര്‍മാരെ കബളിപ്പിക്കുന്ന പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ഫെയ്‌സ്ബുക്ക് തന്നെ ആരും തട്ടിപ്പിന് ഇരയാകരുതെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിട്ടുണ്ട്.