അതിതീവ്രതയാർജിച്ച് ഫോനി; വരും മണിക്കൂറുകളില്‍ ശക്തിയായ കാറ്റിനും, മഴയ്ക്കും സാധ്യത

0

ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ഇടയ്ക്കു രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ശക്തിയാർജിച്ച് വടക്കുപടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നു. വരും മണിക്കൂറുകളില്‍ ഫോനി ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.കാറ്റ് തീവ്രത കൈവരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പുണ്ട്.

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ഒഡീഷ തീരത്തെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡീഷ തീരത്ത് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഫോനി അതിനുശേഷം വടക്കുകിഴക്കു ദിശയിലായിരിക്കും സഞ്ചരിക്കുക.കാറ്റുവീശാന്‍ സാധ്യതയുള്ള മേഖലയില്‍ തീവണ്ടി ഗതാഗതം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യാന്‍ മുന്നറിയിപ്പുണ്ട്.

കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ശക്തിയായ കാറ്റിനും ,മഴയ്ക്കും സാധ്യതയുണ്ട്.

വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.