“നേർച്ചപ്പെട്ടി തുറന്നിട്ടിട്ടുണ്ട്, ആവശ്യമുള്ളത് എടുത്തോളൂ” ഫാദർ ജിമ്മി പൂച്ചക്കാട്ട്‌

0

മടിയിൽ കനമുള്ളവനേ ഉറങ്ങാൻ ഭയമുണ്ടാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവനയിറക്കിക്കഴിഞ്ഞപ്പോഴേക്കും മാളത്തിൽ നിന്ന് അമിതാഭ് ബച്ചൻ അടക്കമുള്ള പല മച്ചാന്മാരും മോഡിയുടെ ‘നോട്ട് പിൻവലിക്കൽ’ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ശങ്കരന്മാർ ഇപ്പോഴും ക്യൂവിൽ തന്നെയാണ്. ആശങ്കകൾക്കിടയിലും ആശ്വാസത്തിന്റെ സന്ദേശങ്ങൾ എത്തുന്നത് ഈ ‘കടുപ്പൻ’ പ്രഖ്യാപനം കൊണ്ട് ഗതികെട്ടുപോയ സാധാരണക്കാരിൽ ചിലർക്കെങ്കിലും സഹായമാകുന്നുണ്ട്. അതിലൊന്നാണ് തന്റെ ഇടവകയിൽ കഷ്ടപ്പെടുന്നവർക്കു വേണ്ടി എറണാകുളം അതിരൂപതയിലെ തേവക്കൽ സെന്റ് മാർട്ടിൻ പള്ളി വികാരി ഫാദർ ജിമ്മി പൂച്ചക്കാട്ട് നേർച്ചപ്പെട്ടി തുറന്നു കൊടുത്തത്. “നോട്ടുകൾ പിൻവലിച്ചതു മൂലം നമ്മുടെ ഇടവകയിൽ ഒത്തിരിപ്പേർ കഷ്ടപ്പെടുന്നുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല. എ ടി എം കൗണ്ടറിലോ ബാങ്കിലോ പോലും പോകാനറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. അവർക്കായി പള്ളിയിലെ നേർച്ചപ്പെട്ടികൾ തുറന്നിട്ടിരിക്കുകയാണ്. നിങ്ങൾക്ക് ആവശ്യമുള്ള പണം അതിൽ നിന്ന് എടുത്തുകൊള്ളുക. പണം തിരികെ ലഭിക്കുമ്പോൾ നേർച്ചപ്പെട്ടിയിൽ ഇട്ടാൽ മതി” എന്ന് ഫാദർ ജിമ്മി പൂച്ചക്കാട്ട് കഴിഞ്ഞ ദിവസം കുർബാനയ്‌ക്കൊടുവിൽ പ്രഖ്യാപിച്ചപ്പോൾ അത് ദൈവവചനം പോലെയാണ് വിശ്വാസികൾക്ക് അനുഭവപ്പെട്ടത്. രാജ്യം ഒരു അടിയന്തര ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഉത്തരവാദപ്പെട്ട മതസ്ഥാപനങ്ങൾ ജനങ്ങൾക്ക് എങ്ങനെ സഹായമായി മാറണം എന്നതിന്റെ ഉത്തമ ഉദാഹരണം.