‘സംഗീതമേ അമരസല്ലാപമേ’ എന്ന ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഫാദര്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന വൈദികന്. സ്വന്തം സഹോദരിയുടെ വിവാഹവേദിയില്‍ പാടിയ പാട്ടാണ് ഫാദറെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആക്കിയിരിക്കുന്നത്. തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്ക്രീനിലും താരമായി മാറിയിരിക്കുകയാണ് ഫാദര്‍.
ഓസ്ട്രിയയിലെ വിയന്നയിൽ ദേവാലയ സംഗീതത്തിൽ ഉപരിപഠനവും അതിനൊപ്പം വൈദിക വൃത്തിയും നടത്തുന്ന, എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വിൽസണ്‍ മേച്ചേരിൽ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയിൽ വച്ച് വധൂവരന്മാരെ സാക്ഷിനിർത്തി “സംഗീതമേ അമരസല്ലാപമേ ….’ എന്ന് പാടിത്തുടങ്ങുമ്പോൾ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യൽ മീഡിയ തന്റെ പാട്ട് വൈറലാക്കുമെന്ന്.ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫ്ളവേഴ്സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
വില്‍സണ്‍ അച്ചന് വെറുതെ ഒരു രസത്തിന് വേദിയില്‍ കയറി പാടിയതല്ല. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകന് കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജര്‍മന്‍ ഇടവകയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്.
വൈദിക പഠന കാലയളവിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഫാ. വിൽസണ്‍ കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മ്യൂസിക് മാസ്റ്റേഴ്സിൽ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോൾ ഗായകൻ നജീം അർഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്. എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരിൽ സേവ്യർ- ലില്ലിക്കുട്ടി ദന്പതികളുടെ നാലു മക്കളിൽ മുതിർന്നയാളാണ് ഫാ. വിൽസൺ. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങൾ.
പാട്ടിലൂടെ കിട്ടുന്ന സമ്മാനങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനുമാണ് ഇദേഹം വിനിയോഗിക്കുന്നത്. അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും ഇതേ ലക്ഷ്യത്തിന് വേണ്ടിയാണ്.