ഓരോ ഫൈനലുകൾക്ക് പിന്നിലും ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥകളുണ്ടാകും. എല്ലാ തലത്തിലും വിജയിച്ചു നിക്കുന്നവരുടെയല്ല, മറിച്ച് ഒരുപാട് തോൽവികളുടെ വേദനയിലും ഒരിക്കലെങ്കിലും വിജയിക്കണമെന്ന ആഗ്രഹവവുമായി പോരാടാൻ വരുന്നവരുടെയാണ് ഓരോ ഫൈനലുകളും. അത് ഗംഭീരമായി തന്നെ പറഞ്ഞു വെക്കുന്നുണ്ട് ‘ഫൈനൽസ്’. ???
സ്പോർട്സ് മൂവി ഗണത്തിൽ വന്നു പോയ പല സിനിമകളുടെയും കൂട്ടത്തിൽ ആശയം കൊണ്ടും അവതരണം കൊണ്ടും നിലപാട് കൊണ്ടും ജീവിതം തൊട്ടു നിക്കുന്ന കാഴ്ചകളൊരുക്കാൻ സാധിച്ചിടത്താണ് ‘ഫൈനൽസി’ൽ പി. ആർ അരുൺ എന്ന സംവിധായകൻ വിജയിക്കുന്നത്. ???
വിജയിച്ചവരുടെ വിജയ കഥകൾ അഭ്രപാളിയിലെ വെറും കാഴ്ചയായി ഒതുക്കുന്ന സ്പോർട്സ് സിനിമകളുടെ ക്ളീഷേ ഫോർമാറ്റിൽ ഒതുങ്ങി പോകുന്നില്ല ‘ഫൈനൽസ്’ . പകരം, സ്പോർട്സിന്റെ വിജയ വീഥിയിൽ വീണു പോയവരുടെയും, ഉയിർത്തെഴുന്നേറ്റവരുടെയും, പരാജയങ്ങളിൽ മനം മടുക്കുമ്പോഴും പുതിയ പ്രതീക്ഷകൾ നെയ്തുണ്ടാക്കുന്നവരുടേയുമൊക്കെ പക്ഷം പിടിച്ചു സംസാരിക്കുകയാണ് സിനിമ.
സ്പോർട്സ് ഏതുമാകട്ടെ അതൊന്നും വെറും കളിയല്ല പലർക്കും അവരുടെ ജീവനും ജീവിതവുമാണ്. അത്തരത്തിലുള്ള കായിക താരങ്ങളുടെയും, കോച്ചുമാരുടെയും, അവരെ പിന്തുണക്കുന്നവരുടേയുമൊക്കെ വിചാര വികാരങ്ങളും സഹനങ്ങളുമെല്ലാം കാഴ്ചക്കപ്പുറം കാണുന്നവനെ അനുഭവഭേദ്യമാക്കി മാറ്റുന്നുണ്ട് ‘ഫൈനൽസ്’.
രജിഷയുടെ ആലീസിന്റെ മാത്രമല്ല, നിരഞ്ജന്റെ മാനുവലിന്റെയും, സുരാജിന്റെ വർഗീസ് മാഷിന്റെയുമടക്കം സ്പോർട്സിന്റെ മനസ്സും ശബ്ദവുമായി വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളുടെയുമാണ് ‘ഫൈനൽസ്’. താരമൂല്യം നോക്കാതെ ഒരു നല്ല സിനിമയെ കണ്ടറിഞ്ഞു പിന്തുണക്കാൻ സാധിച്ചതിൽ മണിയൻ പിള്ള രാജു എന്ന നിർമ്മാതാവിനും അഭിമാനിക്കാം. ?
മാധ്യമ ശ്രദ്ധയോ ജനപിന്തുണയോ സർക്കാർ സഹായമോ ഒന്നും കിട്ടാതെ പോകുന്ന നമുക്ക് ചുറ്റിലുമുള്ള കായിക പ്രതിഭകൾക്ക് വേണ്ടി ശബ്ദമുയർത്തുക മാത്രമല്ല കായിക വകുപ്പിന് കീഴെ നടക്കുന്ന പല അന്യായങ്ങൾക്ക് നേരെയും വിരൽ ചൂണ്ടുന്നുണ്ട് സിനിമ. സ്പോർട്സ് കൗൺസിലിലും ഫെഡറേഷനിലുമൊക്കെയുള്ള വെള്ളാനകളെ പിടിച്ചു പുറത്താക്കുന്നത് കൊണ്ട് മാത്രം ശുദ്ധീകരിക്കെപ്പെടുന്ന ഒരിടമല്ല നമ്മുടെ കായിക വകുപ്പ് എന്ന് വ്യക്തം. ?
വിജയ വീഥിയിൽ വീണു പോയ സിനിമയിലെ ആലീസ് യഥാർത്ഥ ജീവിതത്തിലെ ഷൈനി സെലാസിനേയും മിനിയേയുമൊക്കെ തീരാ വേദനയോടെ ഓർമ്മപ്പെടുത്തുമ്പോൾ, ഫെഡറേഷനുമായുള്ള അഭിപ്രായ ഭിന്നതയിൽ ജീവിതവും സ്വപ്നവുമൊക്കെ തച്ചുടക്കപ്പെട്ട വർഗ്ഗീസ് മാഷുമാർ മാത്രം വെറും സിനിമാ കഥാപാത്രമാണെന്ന് ചിന്തിക്ക വയ്യ. ?
സ്‌ക്രീനിൽ അങ്ങിനെ നിരാശ നിറഞ്ഞ മുഖത്തോടെ കാണുന്ന ഓരോ കഥാപാത്രങ്ങൾക്ക് പിന്നിലും ജീവിക്കുന്ന ആരുടെയൊക്കെയോ നിഴലുകൾ ഉണ്ടെന്നു തോന്നുമ്പോൾ ആണ് സിനിമയിൽ ആദ്യം മാനുവലും പിന്നീട് വർഗ്ഗീസും പറയുന്ന ആ ഡയലോഗ് സിനിമ കാണുന്ന നമ്മളും അറിയാതെ അവർക്കൊക്കെ വേണ്ടി പറഞ്ഞു പോകുന്നത് – അതെ, ഒരിക്കലെങ്കിലും നമുക്കും ജയിക്കണ്ടേ ? ?
സുരാജ്-രജിഷ-നിരഞ്ജൻ ഇഷ്ടം ..???
പിൻകുറിപ്പ് :- ഓണം റിലീസുകളിൽ ഏറ്റവും ആദ്യം കാണേണ്ടിയിരുന്ന സിനിമ ഇതായിരുന്നു. വിധി എന്നാൽ എന്നും അങ്ങനെയാണല്ലോ. എന്തായാലും ഇട്ടിമാണിയും ലവ് ആക്ഷൻ ഡ്രാമയുമൊക്കെ കണ്ട പാപം ‘ഫൈനൽസി’ലൂടെ പൊറുക്കപ്പെട്ടിരിക്കുന്നു.