വിമാനയാത്രനിരക്കിനെ നിരീക്ഷിക്കാന്‍ ഇനി ഗൂഗിളും

0

ഭാഗ്യക്കുറി എടുക്കുന്ന പോലെയാണല്ലോ ഇപ്പോള്‍ വിമാനടിക്കറ്റും. കിട്ടിയാല്‍ കിട്ടി പോയാ പോയി എന്ന അവസ്ഥ. ചിലപ്പോള്‍ ലാഭം ചിലപ്പോള്‍ പൊന്നും വില കൊടുത്താലും ടിക്കറ്റ്‌ കിട്ടാന്‍ ഇല്ലാത്ത അവസ്ഥയും .

എന്നാല്‍ ഈ ‘ടൈമിങ്ങിനെ’ യാത്രക്കാരിലെത്തിക്കുകയാണ് ഇപ്പോള്‍ ഗൂഗിള്‍. വിമാനകമ്പനികള്‍ യാത്രനിരക്ക് കൂട്ടാനിടയുണ്ടെങ്കില്‍ അത് യാത്രികരെ നേരത്തെ അറിയിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഫ്‌ളൈറ്റ് എന്ന ആപ്പിന് നല്‍കിയ അപ്‌ഡേറ്റ് മുഖേനയാണ് പുതിയ സംവിധാനത്തെ ഗൂഗിള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്.

പുതിയ അപ്‌ഡേറ്റ് പ്രകാരം, നിലവിലെ യാത്രനിരക്കിന്റെ കാലാവധി, യാത്രനിരക്ക് വര്‍ധിക്കാനിടയുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഗൂഗിള്‍ ഉപഭോക്താക്കളില്‍ എത്തിക്കും. കൂടാതെ, യാത്രനിക്ക് മാറുന്ന സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുടെ ഇമെയിലിലേക്ക് ബന്ധപ്പെട്ട സന്ദേശങ്ങളും ഗൂഗിള്‍ അയക്കും. ഉപഭോക്താക്കള്‍ താത്പര്യപ്പെടുന്ന റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞ യാത്രനിരക്കിനെ കുറിച്ച് അറിയാനും ഗൂഗിള്‍ അവസരം ഒരുക്കുന്നുണ്ട്.ഗൂഗിള്‍ ഫ്‌ളൈറ്റിനായുള്ള പുതിയ അപ്‌ഡേറ്റ് വരും ദിവസങ്ങളില്‍ ഗൂഗിള്‍ ഉപഭോക്താക്കളില്‍ എത്തിക്കും എന്നാണു അറിയുന്നത് .