നാളെ മുതല്‍ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ നിയമം; ‘നോ ഫ്ലൈ’ ലിസ്റ്റും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

0

വിമാന യാത്രയില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ആഭ്യന്തര യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‍പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും നിര്‍ബന്ധമാകും എന്നാണു വിവരം.

ഇതില്‍ ഏതെങ്കിലും ഒന്നിന്റെ നമ്പര്‍ നല്‍കി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. യാത്രയിലും ഇതേ തിരിച്ചറിയല്‍ രേഖ തന്നെ ഹാജരാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐ.ഡി കാര്‍ഡ് കൂടി അനുവദിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ തന്നെ പാസ്‍പോര്‍ട്ട് നമ്പര്‍ നിര്‍ബന്ധമാണ്.

വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും സുരക്ഷ മുന്‍നിര്‍ത്തി തയ്യാറാക്കുന്ന ‘നോ ഫ്ലൈ’ ലിസ്റ്റും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെയാവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇവരെ പിന്നീട് നിശ്ചിത കാലത്തേക്കോ സ്ഥിരമായോ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. പല വിദേശ രാജ്യങ്ങളിലും ഇത്തരമൊരു സംവിധാനം നേരത്തെ നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.