എന്നും കൗതുകങ്ങള്‍ നിറഞ്ഞതാണ് വിമാനയാത്രകള്‍. എന്നാല്‍ മിക്കപ്പോഴും വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പോലും മനസ്സിലാകാത്ത കുറെയധികം കൗതുകങ്ങള്‍ ഓരോ വിമാനയാത്രകളും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. വിമാനം പറന്നുയരുമ്പോള്‍ വെളിച്ചം കുറയ്ക്കുന്നത് എന്തിനു, വിമാനത്തിന്റെ ജനലുകളില്‍ ചെറിയ തുളകള്‍ എന്തിനു അങ്ങനെ നൂറായിരം സംശയങ്ങള്‍ വിമാനയാത്രക്കാര്‍ക്ക് ഉണ്ട്. അതില്‍ മറ്റൊരു കൌതുകമാണ് വിമാനത്തില്‍ എന്തിനു യാത്രക്കാരെ ഇടതുവശത്ത് കൂടി മാത്രം ഉള്ളിലേക്ക് കയറ്റുന്നു എന്നത്. എപ്പോഴെങ്കിലും ഇതിനുത്തരം ആലോചിച്ചിട്ടുണ്ടോ ?
വിമാനത്താവലത്തിലെ ടെര്‍മിനലിന് മുമ്പിലാണ് യാത്രക്കാരെ ഇറക്കാനും കയറ്റാനും വിമാനങ്ങള്‍ വന്ന് നിന്നിരുന്നത്. അതിനാല്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങും വിമാനചിറകും തമ്മിലുള്ള ദൂരം കണക്കിലെടുത്ത് ടെര്‍മിനല്‍ വാതിലിന് മുമ്പില്‍ വിമാനം നിര്‍ത്തുന്നതിന് ഇടത് വശത്തുകൂടിയുള്ള സഞ്ചാരം നിര്‍ണായകമായി. ആദ്യകാലത്ത് ചില വിമാനങ്ങളില്‍ വലത് വശത്തും വാതിലുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇടത് വശം ചേര്‍ന്ന് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതുമാണ് പൈലറ്റിന്റെ കാഴ്ചപരിധിക്ക് കൂടുതല്‍ അഭികാമ്യമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനങ്ങളില്‍ ഇടത് വശം ചേര്‍ന്നുള്ള വാതിലുകള്‍ പതിവായി. അതേസമയം കപ്പലുകളെ അനുകരിച്ചാണ് ഇടത് വശം ചേര്‍ന്ന് വിമാനവാതിലുകള്‍ സ്ഥാപിക്കപ്പെടാന്‍ കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. കപ്പലിന്റെ ഇടത് ഭാഗം പോര്‍ട്ടെന്നും, വലത് ഭാഗം സ്റ്റാര്‍ബോര്‍ഡെന്നുമാണ് അറിയപ്പെടുന്നത്.
കപ്പല്‍ യാത്രകള്‍ക്ക് പ്രചാരമേറിയ കാലഘട്ടത്തില്‍ പോര്‍ട്ടിലൂടെയാണ് യാത്രക്കാര്‍ കയറിയറിങ്ങിയിരുന്നതും. അതിനാല്‍ ഇതേ ആശയം ഉള്‍ക്കൊണ്ടാണ് മിക്ക വിമാനങ്ങളും ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റിയിറക്കുന്നത്. 1960 കള്‍ വരെ ടെര്‍മിനലിന് സമീപമായാണ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. അതിനാല്‍ ടെര്‍മിനലിലേക്ക് യാത്രക്കാരെ ഇറക്കാന്‍ പൈലറ്റുമാര്‍ക്കാണ് ഇക്കാലയളവില്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്. ഇടത് വശത്തിരിക്കുന്ന ക്യാപ്റ്റന് വിമാനത്തെ ഇടത് വശം ചേര്‍ന്ന് ടെര്‍മിനലിന് മുന്നില്‍ നിര്‍ത്താന്‍ ഏറെ എളുപ്പമായിരുന്നതാണ് ഒരു കാലഘട്ടത്തില്‍ ഈ രീതി പിന്തുടരാന്‍ കാരണം. പിന്നീട് ‘ജെറ്റ് ബ്രിഡ്ജു’കളുടെ നിര്‍മ്മാണത്തിന് ശേഷമാണ് ഈ പതിവിന് മാറ്റമുണ്ടായത്.