മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചു

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ തിരഞ്ഞെടുപ്പുരംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയുംചെയ്ത മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ചരാത്രി ഒന്‍പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

രാജ്യത്തിന്റെ പത്താം തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു. ചെന്നൈ ആല്‍വാര്‍പേട്ട സെയ്ന്റ് മേരീസ് റോഡിലെ 112-ാം നമ്പര്‍ ബംഗ്ലാവിലായിരുന്നു താമസം. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ്. 1990 ‍ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. അതുവരെ ആസൂത്രണ കമ്മിഷനിലെ അപ്രധാന തസ്തികയിലായിരുന്നു.

രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയിൽ മലയാളികളുടെ അഭിമാനമാണ് ടി.എൻ.ശേഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഒരു സംവിധാനമുണ്ടെന്ന് ഇന്ത്യയിലെ സാമാന്യജനം അറിഞ്ഞത് ടി.എൻ. ശേഷൻ അതിന്റെതലപ്പത്തു എത്തിയപ്പോഴായിരുന്നു. പുതിയ പദവിയിലിരുന്ന് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷന്റെ കരുത്തും ശേഷിയും രാജ്യത്തിനു കാട്ടിക്കൊടുത്തു. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന്‍ എന്തെന്ന് ജനം അറിഞ്ഞു.

തിരഞ്ഞെടുപ്പുകാലത്തെ ചുമരെഴുത്തുകള്‍ക്ക് ശേഷന്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതിലുമേറെ തുക പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നതും നിയന്ത്രിച്ചു. വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയം കൊണ്ടുവന്നതും അതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു.

പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ 1933 മേയ് 15നായിരുന്നു ജനനം. പിതാവ് പ്രഗത്ഭ അഭിഭാഷകനായിരുന്ന നാരായണ അയ്യർ. അമ്മ സീതാലക്ഷ്മി. തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്‍ 1955 ബാച്ച് തമിഴ്നാട് കേഡര്‍ ഐ.എ.എസ്. ഓഫീസറാണ്. 1956–ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. ശേഷന്റെ പ്രാഗത്ഭ്യം പരിഗണിച്ച് പരിശീലനം കഴിയുന്നതിനു മുമ്പുതന്നെ സബ്കലക്ടറായി പ്രമോഷൻ ലഭിച്ചു. തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർസെക്രട്ടറിയായും മധുരയിൽ കലക്ടറായും പ്രവർത്തിച്ചു.

962ൽ തമിഴ്നാട് ട്രാൻസ്പോർട്ട് ഡയറക്ടറായി നിയമിതനായി. തമിഴ്നാട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയായിരുന്നു. 1968–ൽ കേന്ദ്രസർവീസിലെത്തി. അണുശക്തി വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായി. എണ്ണപ്രകൃതിവാതകം, ബഹിരാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലും പ്രവർത്തിച്ചു. 1986ൽ പ്രധാനമന്ത്രി രാജീവ്ഗാന്ധി തന്റെ സുരക്ഷയുടെ ചുമതലുള്ള സെക്രട്ടറിയായി ശേഷനെ നിയമിച്ചു.

1988ൽ പ്രതിരോധ സെക്രട്ടറിയായി. 1989 മാർച്ച് മുതൽ ഡിസംബർ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. വി.പി. സിങ് പ്ര‌ധാനമന്ത്രിയായപ്പോൾ ശേഷനെ ആസൂത്രണ കമ്മിഷനിലേക്കു മാറ്റി. പിന്നീട് എസ്. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബർ 12ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റ അദ്ദേഹം 1996 ഡിസംബർ 11വരെയുള്ള ആറു വർഷക്കാലയളവിൽ രാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വിപ്ളവകരമായ പരിവർത്തനങ്ങൾ നടത്തി. തിരഞ്ഞെടുപ്പ് ചെലവും സമയവും വെട്ടിക്കുറച്ചത് ശേഷന്റെ കാലത്തായിരുന്നു. ഭാര്യ ജയലക്ഷ്മി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അന്തരിച്ചു. ഇവര്‍ക്കു മക്കളില്ല.