ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനത്തിന്റെ ഉടമയെന്ന പദവി ഇനി സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു സ്വന്തം. ലോകത്തെ ഏറ്റവും വില കൂടിയ ഭവനമെന്ന് ഫോബ്‌സ് മാഗസിന്‍ വിശേഷിപ്പിച്ച ഫ്രാന്‍സിലെ കൊട്ടാരമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചാറ്റീ ലൂയിസ് പതിനാല് എന്ന 50000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കൊട്ടാരമാണ് രാജകുമാരന്‍ വാങ്ങിയത്.
ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ചില വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഫ്രാന്‍സിലെ വേഴ്‌സായ്‌ലസിനടുത്തുള്ള ഈ കൊട്ടാരം 2015ലാണ് സൗദി കിരീടാവകാശി വാങ്ങിയത്. 275 ദശലക്ഷം യൂറോയാണ് ഇതിനുവേണ്ടി മുടക്കിയതു എന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനും അഴിമതി വിരുദ്ധ നീക്കങ്ങള്‍ നടത്തുന്നതിനും മുന്‍പന്തിയിലുള്ള വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് രാജകുമാരന്‍മാരെയും വ്യവസായികളെയും കൂട്ട അറസ്റ്റ് ചെയ്ത് ലോകത്തെ ഞെട്ടിച്ചിരുന്നു. ചാറ്റി ലൂയിസ് 14 എന്ന കൊട്ടാരം നിര്‍മിച്ചിരിക്കുന്നത് 17ാം നൂറ്റാണ്ടിലെ നിര്‍മിതികളുടെ മാതൃകയിലാണ്. 2008ല്‍ തുടങ്ങിയ നിര്‍മാണം പൂര്‍ത്തീകരിച്ചത് 2011ലാണ്.