ന്യൂഡല്‍ഹി: കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്കുള്ള ഇന്ധനവിലക്ക് നീക്കി. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്ത സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന തീരുമാനം തല്‍ക്കാലം മരവിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.
എണ്ണക്കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ 4500 കോടി രൂപയാണ് നല്‍കാനുള്ളത്. കുടിശ്ശികയിലേക്ക് പ്രതിമാസം 100 കോടി രൂപ വീതം നല്‍കാമെന്ന് ധാരണയായതോടെയാണ് വിലക്ക് നീക്കാന്‍ എണ്ണക്കമ്പനികൾ തീരുമാനിച്ചത്.
ഓഗസ്റ്റ് 22നാണ് എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കേണ്ടെന്ന നിലപാട് എണ്ണക്കമ്പനികള്‍ കൈക്കൊണ്ടത്. നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന എയർ ഇന്ത്യക്ക് ഇത് തിരിച്ചടിയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം തന്നെ വിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്തു തുടങ്ങിയതായി എയര്‍ ഇന്ത്യ വക്താവ് പിടിഐയോട് പറഞ്ഞു. പുണെ, റാഞ്ചി, പട്‌ന, മൊഹാലി, കൊച്ചി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലായിരുന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.