ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

1

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. പാൻക്രിയാസിൽ രോഗം ബാധിച്ചതിനെ തുടർന്ന് യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികിൽസയിലായിരുന്നു പരീക്കർ. നാല് തവണ ഗോവ മുഖ്യമന്ത്രിയായ പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചാണ് ഇത്തവണ ഗോവമുഖ്യമന്ത്രിയായി എത്തിയത്. മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു.

ഗോവയിലെ മാപുസയില്‍ 1955 ഡിസംബര്‍ 13ന് ജനിച്ച മനോഹര്‍ പരീക്കര്‍ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. മുംബൈ ഐഐടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994ല്‍ നിയമസഭാംഗമായി. രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ 2000 ഒക്ടോബറില്‍ ബിജെപി ആദ്യമായി ഗോവയില്‍ ഭരണത്തിലെത്തിയപ്പോള്‍ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്.


2002 ഫെബ്രുവരിയില്‍ നിയസഭ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കൂട്ടകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി . 2005ല്‍ ഭരണം നഷ്ടപ്പെട്ടു്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2017ല്‍ മുഖ്യമന്തിസ്ഥാനം ഏറ്റെടുക്കാനായി കേന്ദ്രപ്രതിരോധ മന്ത്രിസ്ഥാനം രാജി വയ്ക്കുകയായിരുന്നു. മനോഹര്‍ പരീക്കര്‍ രാജ്യത്ത് ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു കൂടിയായിരുന്നു‍.