ഗോവയില്‍നിന്ന് ഇനി മദ്യം കൊണ്ടുപോകാം; വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സർക്കാർ

0

പനാജി: ഗോവയില്‍നിന്ന് താമസിയാതെ കൂടുതല്‍ മദ്യം മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകാം. വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് ഗോവന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനുപിന്നില്‍. വിനോദ സഞ്ചാരികളായി ഗോവയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. അയല്‍ സംസ്ഥാനങ്ങളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ഉടനെ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയില്‍ പറഞ്ഞു.

നിലവില്‍ ഗോവയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. വിമാനത്തിലാണെങ്കിൽ രണ്ട് കുപ്പി മാത്രം കൊണ്ടുപോകാനെ അനുമതിയുള്ളു. റോഡ് മാര്‍ഗമാണെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒളിച്ചും പാത്തും എക്‌സൈസ് ഉദ്യോഗസ്ഥർ കാണാതെ വേണം കൊണ്ടുപോകാൻ. ചെക്ക് പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ നല്ലൊരു തുക പിഴയടക്കേണ്ടി വരും പിന്നെ കടത്തിയ കുപ്പി നഷ്ടമാവുകയും ചെയ്യും. ഗോവയിലെ എക്‌സൈസ് വകുപ്പ് മദ്യം പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരുന്നില്ല എന്നതാണിതിന് കാരണം.

കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ ആന്‍ ഡിയുവിലേയ്ക്കുമാത്രമാണ് ഗോവന്‍ മദ്യം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. രണ്ടിലധികം കുപ്പികള്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോവന്‍ മദ്യം പ്രചരിപ്പിക്കുന്നതിനും അതോടൊപ്പം വരുമാനം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.

ബാറുകളും റെസ്റ്റോറന്റുകളും വഴി വിറ്റഴിക്കുന്നമദ്യത്തിന്റെ മൊത്തവ്യാപാരത്തിലൂടെ ഗോവന്‍ സര്‍ക്കാര്‍ എക്‌സൈസ് ഫീ ഇനത്തില്‍ നിലവില്‍ 500 കോടിയോളം രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. പ്രതിവര്‍ഷം 80 ലക്ഷം വിനോദ സഞ്ചാരികള്‍ ഗോവ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.