ന്യൂഡൽഹി: പീഡനക്കേസിൽ പ്രതിയായി രാജ്യം വിട്ട ആൾദൈവം നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോർട്ടിനായി നിത്യാനന്ദ നൽകിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യംവിട്ട ആൾദൈവം നിത്യാനന്ദ കോടതിയെയും നിയമവ്യവസ്ഥയും വെല്ലുവിളിക്കുന്ന വീഡിയോ പുറത്തുവന്നു. നവംബർ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആർക്കും തന്നെ തൊടാനാകില്ലെന്നാണു വിഡിയോയിൽ നിത്യാനന്ദയുടെ വാദം. ഒരു കോടതിക്കും തനിക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ആൾദൈവം വാദിക്കുന്നു. സത്യം എന്താണെന്നു പുറത്തുകൊണ്ടുവന്ന് എന്റെ സത്യസന്ധത തെളിയിക്കും. ആർക്കും എന്നെ തൊടാൻ സാധിക്കില്ല.നിങ്ങളോടു സത്യം പറയാൻ എനിക്കു സാധിക്കും. ഞാൻ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല- വിഡിയോയിൽ നിത്യാനന്ദ പറയുന്നു.തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് ഈ വീഡിയോയിൽ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഇന്ത്യയിൽനിന്നാണോ പുറം രാജ്യത്ത് നിന്നാണോ എടുത്തത് എന്ന് വ്യക്തമല്ല. “എന്നിലുള്ള വിശ്വാസവും സത്യനിഷ്ഠയും പാലിക്കുന്ന നിങ്ങൾക്ക് ഒരിക്കലും മരണം പോലും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു” – എന്നും നിത്യാനന്ദ പറയുന്നു.
കഴിഞ്ഞ മാസം മുതൽ കാണാതായ നിത്യാനന്ദയെ പിടികൂടാൻ ശ്രമങ്ങൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു. നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങൾ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പൊലീസിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷയുമായും മുന്നോട്ടുപോകാൻ സാധിക്കില്ല. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാൻ വിദേശരാജ്യങ്ങളിലെ സർക്കാരുകൾക്കു നിർദേശം നൽകി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും രവീഷ് കുമാർ പ്രതികരിച്ചു.
പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും കഴിഞ്ഞ ദിവസമാണു റിപ്പോർട്ടുകൾ വന്നത്. കർണാടകയിലും തമിഴ്നാട്ടിലും അനുയായികളുള്ള നിത്യാനന്ദ യൂട്യൂബ് പേജ് വഴി അനുയായികൾക്കായി പ്രത്യേക പദ്ധതി തന്നെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ‘കൈലാസ’ എന്നാണ് ‘സ്വന്തം രാജ്യത്തെ’ നിത്യാനന്ദ വിളിക്കുന്നത്. അതിരുകളില്ലാത്ത ഹിന്ദു രാജ്യമാണ് കൈലാസയെന്നാണു വാദം.