ഫെനി തേടി ഇനി ഗോവയിൽ പോകേണ്ട; പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

0

തിരുവനന്തപുരം: കേരള ലാപ്‌ടോപ്പിന് പിന്നാലെ സംസ്ഥാനത്ത് പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായവയിൽ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാനാണ് തീരുമാനം.

പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ നിന്ന് വൈൻ ഉത്പാദന യൂണിറ്റുകൾക്ക് സർക്കാർ ലൈസൻസ് നൽകും. ഇതിനു വേണ്ടി അബ്കാരി നിയമങ്ങളിൽ ഭേദഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.ഇനി മദ്യസ്നേഹികൾക്ക് ഫെനി തേടി ഇനി ഗോവയിൽ പോകേണ്ട.

നിയമസഭാ സബജക്ട് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ആശയം ആദ്യം നൽകിയത്. തുടർന്ന് കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ചർച്ച നടത്തി. വെള്ളായണി കാർഷിക കോളേജിലെ ഹോം സയൻസ് വിഭാഗവും വെള്ളാനിക്കര ഹോർട്ടി കൾച്ചർ കോളേജിലെ പ്രോസസിംഗ് ടെക്നോളജി വിഭാഗവും ചക്കപ്പഴത്തിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ഉൾപ്പെടെ സാങ്കേതിക സഹായത്തോടെയാകും വൈൻ നിർമാണം.

പഴവും കശുമാങ്ങയും ചക്കയുമൊക്കെ ടൺ കണക്കിനാണ് സംസ്ഥാനത്ത് ഓരോ വർഷവും കേടായി പോകുന്നത്. അതുകൊണ്ടു തന്നെ വൈൻ നിർമാണം ആരംഭിച്ചാൽ അത് വലിയ സഹായകമാകുമെന്നും കർഷകർ കരുതുന്നു. പ്രതിവർഷം ഒമ്പതുലക്ഷം ലിറ്റർ വൈൻ സംസ്ഥാനത്ത് ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറിയ പങ്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. വ്യാവസായിക അടിസ്ഥാനത്തിൽ സംസ്ഥാനത്തു തന്നെ വൈൻ ഉത്പാദിപ്പിച്ചാൽ സർക്കാരിനും കർഷകർക്കും അതു വലിയ വരുമാനമായി മാറുമെന്നും ഉറപ്പ്.

മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു തുക നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളായിരിക്കും