ജീവിതം പഠിക്കാന്‍ അങ്ങ് അമേരിക്കയില്‍ നിന്നും നമ്മുടെ കൊച്ചു കേരളത്തിലെത്തിയ ന്യൂ ജെനരേഷന്‍ പിള്ളേരുടെ കഥ പറഞ്ഞ ദുല്‍ക്കര്‍ സല്‍മാന്റെ ചിത്രം എ ബി സി ഡി ഓര്‍മ്മയുണ്ടോ ? അത്രക്കൊന്നും അല്ലങ്കിലും ജീവിതം പഠിക്കാന്‍ ഗുജറാത്തിലെ സൂറത്തില്‍നിന്ന് കൊച്ചിയിലേത്തിയ രത്‌നവ്യാപാരിയുടെ മകന്റെ അനുഭവം ഈ ചിത്രത്തെ ഓര്‍മിപ്പിക്കുന്നു. ഇത് അമേരിക്കയില്‍ എംബിഎയ്ക്ക് പഠിക്കുന്ന ദ്രവ എന്ന കോടീശ്വരപുത്രന്റെ കഥയാണ് .രണ്ടു വര്‍ഷം മുമ്പ് 1200 ജീവനക്കാര്‍ക്ക് കാറും അപ്പാര്‍ട്ട്‌മെന്റും ദിപാവലി ബോണസ് നല്‍കിയ വ്യാപാരിയാണ് ദ്രവ്യയുടെ അച്ഛന്‍ സാവ്ജി ധോലാകിയ. ദ്രവയുടെ ഈ ‘അനുഭവ യാത്ര ‘ അച്ഛനും കുടുംബവും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു.
അമേരിക്കയിലെ ബിരുദ പഠനത്തിനിടയ്ക്ക് വീണു കിട്ടിയ ഇടവേളകള്‍ ആഘോഷിച്ചു തീര്‍ക്കാനല്ല, പകരം ജീവിതം കഠിനാധ്വാനം കൊണ്ട് പുഷ്ഠിപ്പെടുത്തുന്നവരെ കണ്ട് ജീവിത പാഠങ്ങള്‍ സ്വായത്തമാക്കാനാണ് ദ്രവയ്ക്ക് അച്ഛന്‍ നല്‍കിയ ഉപദേശം .അങ്ങനെയാണ് ഈ 21കാരന്‍ കൊച്ചിയിലെ ബേക്കറികടകളിലെത്തിയത് . കൈയ്യിലുള്ള പണം വളരെ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂയെന്നും സ്വന്തം കഴിവ് ഉപയോഗിച്ച് ജോലി കണ്ടു പിടിച്ച് സമ്പാദിക്കണമെന്നുമാണ് മകന് പിതാവില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കണ്ട പഠിക്കാനാണ് താന്‍ കേരളത്തിലെത്തിയതെന്ന് പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് കൊച്ചിയിലെത്തിയ ദ്രവ്യ പറയുന്നു. ഇതിനു മുന്‍പും തന്റെ കുടുംബത്തില്‍ നിന്നും രണ്ടോളം പേര്‍ ഇത്തരത്തില്‍ വന്നിട്ടുണ്ടെന്നും ദ്രവ്യ പറഞ്ഞു. എന്റെ പിതാവിന് ധാരാളം പണമുണ്ട്. എന്നാല്‍ പണം കൊടുത്ത് ജീവിതാനുഭവങ്ങള്‍ വാങ്ങാന്‍ സാധിക്കില്ലല്ലോ, അതുകൊണ്ടു തന്നെയാണ് പിതാവിന്റെ തീരുമാനത്തെ താന്‍ പിന്തുണച്ചതെന്നും ദ്രാവ്യ പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളിയായി ആരാലും സംശയിക്കാതെ എറണാകുളത്തെ ഹോട്ടലുകളിലും കടകളിലും ദ്രവ്യ ജോലി ചെയ്തത് ഒരു മാസത്തോളമാണ്.മക്കള്‍ മോശമായ സാഹചര്യത്തിലൂടെ ജീവിക്കണമെന്ന് ഒരച്ഛനും ചിന്തിക്കില്ല. പക്ഷെ പ്രയാസത്തേക്കാള്‍ അതിന് വിലകൂടുമെങ്കില്‍ അതാണ് അതിന്റെ മൂല്യം. പണം കൊണ്ട് ഒരുപാട് കാര്യം നേടാന്‍ കഴിയും. പക്ഷെ അനുഭവസമ്പത്ത് ഉണ്ടാക്കാനാകില്ല. ചില കാര്യങ്ങള്‍ മറ്റുള്ളവരില്‍നിന്നുള്ള അനുഭവങ്ങളായി നേരിട്ട് ആര്‍ജിച്ചെടുക്കണം.ദ്രവ്യയെ ഇങ്ങ് കേരളത്തിലേക്ക് വിടുമ്പോള്‍ അച്ഛന്‍ സാവ്ജി ധോലാകിയ ഉദേശിച്ചത് ഇത്ര മാത്രം .
കേരളത്തിലെ ചുരുങ്ങി കാലത്തെ ജീവിതത്തില്‍ ദ്രവ്യ പഠിച്ച ഏറ്റവും വലിയ പാഠം എന്തെന്ന് ചോദിച്ചാല്‍ അത് അനുകമ്പ ആണെന്നു ദ്രവ്യ പറയും .’ പലപ്പോഴും മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കാതെ കടുത്ത രീതിയില്‍ അവരോട് നമ്മള്‍ പെരുമാറാറുണ്ട്. മറ്റുള്ളവരുടെ യാതനകള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ഈ അനുഭവം പഠിപ്പിച്ചു. ഒരോരുത്തര്‍ക്കും അവരവരുടെ വ്യക്തിത്വമുണ്ട്. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അത് മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. എങ്ങനെയാണ് ഒരാള്‍ തിരസ്‌കരിക്കപ്പെടുന്നത് എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു . ഇനി മുതല്‍ മറ്റുള്ളവരെ കൂടുതല്‍ പരിഗണിച്ചുള്ളതായിരിക്കും തന്റെ സമീപനമെന്നു ദ്രവ്യ പറയുന്നു .