അന്യനാടുകളില്‍ അധ്വാനിക്കുന്ന പ്രവാസികളുടെ പണത്തെ കൂടി ആശ്രയിച്ചാണ് നമ്മുടെ നാടിന്റെ സാമ്പത്തികസ്ഥിതി. പ്രവാസികള്‍ക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തേക്കാള്‍ ചിലവുകള്‍ അവര്‍ ജീവിക്കുന്ന നാട്ടിലുണ്ട് എന്നത് മിക്കവര്‍ക്കും അറിയാം. എങ്ങനെയാണ് പൈസ ചിലവാകുന്നത്. വാടക, ഭക്ഷണം, കുട്ടികളുടെ പഠനം, ചികിത്സ അങ്ങനെ പോകുന്നു പണം ചോരുന്ന വഴികള്‍. എന്നാല്‍ ഗള്‍ഫില്‍ കാശ് ചെലവാകുന്നത് എവിടെയൊക്കെയാണെന്ന് അറിയാമോ?
2016ൽ യുഎഇയിലെ മൊത്തം ചെലവ് 182.7 ബില്ല്യൺ ഡോളറായിരുന്നു. ഒരു വർഷത്തിന് ശേഷം ഇത് 15 ശതമാനം ഉയർന്നു. വാടകയ്ക്കും ഭക്ഷണത്തിനുമാണ് ആളുകൾ വൻതോതിൽ പണം ചെലവഴിക്കുന്നത്. വീട് വാങ്ങൽ, വാടകയ്ക്കെടുക്കൽ എന്നീ ഇനത്തിൽ 75.7 ബില്യൻ ഡോളറാണ് ആകെ ചെലവായിരിക്കുന്നത്. ഇത് ആകെ ഉപഭോക്തൃ ചെലവിന്റെ 41 ശതമാനം വരും. യുഎഇയിൽ ആളുകളെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് താമസച്ചെലവാണ്.
ഭക്ഷണത്തിനും നോൺ ആൽക്കഹോളിക് പാനീയങ്ങൾ (ശീതളപാനീയങ്ങൾ) ക്കുമാണ് ആളുകൾ രണ്ടാമതായി പണം ചെലവഴിക്കുന്നത്. 24.8 ബില്ല്യൻ ഡോളറാണ് ഇതിനായി ചെലവാക്കിയിരിക്കുന്നത്.മൂന്നാമതായി ആളുകളുടെ പോക്കറ്റ് കാലിയാക്കുന്നത് ഗതാഗത ചെലവാണ്. 16.7 ബില്ല്യൺ ഡോളറാണ് ഇതിനായി ഒരു വർഷം ചെലവായിരിക്കുന്നത്. ആശയവിനിമയത്തിനായി പണം ചെലവഴിക്കുന്നവർ ഗൾഫിൽ വളരെയധികമാണ്. ഇൻറർനെറ്റ്, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയൊക്കെ ചെലവ് ഇരട്ടിയാക്കുന്ന ഘടകങ്ങളാണ്.
മൊബൈൽ ഫോണുകളും മറ്റും തരാതരം പോലെ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. മൊബൈൽ ഫോണുകളുടെ വർദ്ധിച്ചു വരുന്ന ജനപ്രീതി 2021 ആകുമ്പോഴേക്കും ഈ മേഖലയിലെ ചെലവ് ഇരട്ടിയാക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മെഡിക്കൽ ഉത്പന്നങ്ങൾ വാങ്ങുന്നതിനും മെഡിക്കൽ സേവനങ്ങൾക്കുമായും ആളുകൾ നിരവധി പണം ചെലവാക്കുന്നുണ്ട്. ഓരോ വർഷം തോറും ഈ മേഖലയിലെ ചെലവ് കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മാറിയ ജീവിതസാഹചര്യങ്ങൾ വരും വർഷങ്ങളിലും ഈ മേഖലയിലെ ചെലവ് കൂട്ടുമെന്ന് വിദഗ്ദർ പറയുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിനോദത്തിനുമായും നല്ലൊരു തുക ചെലവാകുന്നുണ്ട്. വിദ്യാഭ്യാസത്തിനായുള്ള ചെലവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് 8 ശതമാനവും വിനോദത്തിനായുള്ള ചെലവ് 7.7 ശതമാനവുമാണ് വർദ്ധിച്ചിരിക്കുന്നത്.താരതമ്യേന ഉയർന്ന വരുമാനമുള്ളവരാണ് യുഎഇയിൽ താമസിക്കുന്നവരിലധികവും. ഇത് തന്നെയാണ് ഉപഭോക്തൃ ചെലവ് കൂടാനും കാരണം. എന്നാൽ ഇത് മൂലം ബുദ്ധിമുട്ടിലാകുന്നത് സാധരണക്കാരായ പ്രവാസികളാണ്.