ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍. നിര്‍ത്തലാക്കിയ തുക രാജ്യത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍. 700 കോടി രൂപയോളമാണ് രാജ്യത്ത് നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കായി സബ്‌സിഡി നല്കിയിരുന്നത്.
സബ്‌സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് 2012 ല്‍ ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി കുറച്ച് പത്ത് വര്‍ഷം കൊണ്ട് സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കണമെന്നായിരുന്നു സുപ്രീകോടതി നിര്‍ദ്ദേശം. തുടര്‍ന്ന് ഹജ്ജ് സബ്‌സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് ഹജ്ജ് സബ്‌സിഡിയുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് റിപ്പോര്‍ട്ട് ന്യൂനപക്ഷ മന്ത്രാലയത്തിന് നല്കിയത്.
ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കുന്ന സബ്‌സിഡിയാണ് ഹജ് സബ്‌സിഡി എന്ന് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍, ചില ഏജന്‍സികള്‍ക്ക് മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജ്ജിനു പോകാന്‍ സൗകര്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മക്കയിലേയ്ക്ക് ഇന്ത്യയിലെ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്നുള്ള വിമാനക്കൂലിക്കാണ് സബ്‌സിഡി ലഭിക്കുന്നത്. കപ്പല്‍ യാത്രയെക്കാള്‍ വിമാനയാത്രയ്ക്ക് വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയില്‍ 1974 ല്‍ ഇന്ദിരാഗാന്ധിയാണ് സബ്‌സിഡിക്ക് തുടക്കമിട്ടത്.
ഹജ്ജ് സബ്‌സിഡി 2018 ഓടെ നിര്‍ത്തലാക്കുമെന്ന് ഹജ്ജ് സേവന പുനരവലോകന സമിതിയോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ വര്‍ഷം 450 കോടി രൂപയോളമാണ് ഹജ്ജ് സബ്‌സിഡിയ്ക്കായി നീക്കി വച്ചിരുന്നത്. ഘട്ടം ഘട്ടമായി സബ്‌സിഡി നിര്‍ത്തലാക്കാന്‍ 2012ല്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 2022 നുള്ളില്‍ സബ്‌സിഡി നിര്‍ത്താനായിരുന്നു നിര്‍ദേശം. അതേസമയം, 1.70 ലക്ഷം തീര്‍ത്ഥാടകരെ ഈ തീരുമാനം ബാധിച്ചേക്കും.