അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാൽ അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വീശാനും സാധ്യതയുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തി. ശക്തമായ മഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.കന്യാകുമാരിക്ക് മുകളിലായി തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദമാണ് അറബിക്കടലിലേക്ക് നീങ്ങുകയും തീവ്രന്യൂനമര്‍ദമായി മാറുകയും ചെയ്തത്.
തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ട്. 12 മുതല്‍ 21 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കും ഓറഞ്ച് അലര്‍ട്ടുണ്ട്. അതിതീവ്ര മഴ ലഭിക്കാനിടയുള്ള ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്.
വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും സംസ്ഥാന വ്യാപകമായി ഉണ്ടാകും. ഇന്ന് മണിക്കൂറിൽ അറുപത് കിലോമീറ്റര്‍ വേഗത്തിൽ വരെ കാറ്റു വീശും. ഒന്നാം തീയതി കാറ്റിന്‍റെ വേഗം മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. പിന്നീട് 80 കിമീ മുതൽ 90 കിമീ വേഗതയിൽ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം കണക്കു കൂട്ടുന്നുണ്ട്.
തീരദേശ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്‌സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.