കൊച്ചി: മദ്യ വ്യാപാരം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി. മദ്യവ്യാപാരത്തിന് അനുമതി നൽകുമ്പോൾ ജനങ്ങളുടെ സ്വകാര്യത കൂടി കണക്കിലെടുക്കണമെന്നും കോടതി നിർദേശം നല്‍കി.’സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യവ്യാപാരത്തിന് ലൈസന്‍സ് നല്‍കുബോൾ സമീപത്തുള്ളവരുടെ സ്വകാര്യത കൂടി കണക്കിലെടുക്കണം. ലൈസന്‍സിന്‍റെ അടിസ്ഥാനത്തിലുള്ള വ്യാപാരമായതിനാല്‍ മദ്യശാലകള്‍ക്ക് ബാധകമാകുന്ന കൃത്യമായ ശുപാര്‍ശകള്‍ സര്‍ക്കാര്‍ തയ്യാറാക്കണം. അല്ലാത്തപക്ഷം വരും നാളുകളില്‍ ലൈസന്‍സ് അനുവദിക്കുന്നതിനും മറ്റും പ്രശ്നങ്ങളുണ്ടാകും.’ – ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സൂചിപ്പിച്ചു.
കള്ളുഷാപ്പ് തന്‍റെ വീടിനടുത്തേക്ക് മാറ്റുന്നതിനെതിരെ പട്ടാമ്പി വള്ളൂർ സ്വദേശിനി വിലാസിനി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഗാർഹിക മേഖലക്ക് പുറമേ അങ്കണവാടിക്ക് സമീപത്താണ് ഷാപ്പെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കള്ള് ഷാപ്പുകൾ അനുവദിക്കുമ്പോഴും മാറ്റിസ്ഥാപിക്കുമ്പോഴും പ്രദേശത്തെ സാമൂഹിക ആഘാത പഠനം നടത്തി പരിഹാരം കാണണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ നിർദേശിച്ചിട്ടുളളത്. ഗാർഹിക മേഖലയിൽ ഷാപ്പ് അനുവദിക്കുന്നത് സമാധാനമായി ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന നടപടിയാണ്. ഗാർഹിക മേഖലയിലെ ഷാപ്പുകൾ സമീപവാസികളായ കുട്ടികളെ മോശം രീതിയിൽ സ്വാധീനിക്കുമെന്ന റിപ്പോർട്ടും കോടതി പരിഗണിച്ചു.