കീഴ്‌വഴക്കത്തിനു വിരാമമിട്ട്, അവതരണത്തില്‍ പുതിയ ശൈലിയുമായി, ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കൊല്ലത്തെ ബജറ്റ് ലോകസഭയില്‍ അവതരിപ്പിച്ചു. ബ്രീഫ്‌കേസിന് പകരം ചുവന്നതുണിയിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ സഭയില്‍ എത്തിച്ചത്. സാധാരാണയായി ധനമന്ത്രിമാർ ബഡ്ജറ്റ് രേഖകൾ തുകലിനാൽ നിർമ്മിച്ച ബ്രീഫ്‌കേസിലാണ് കൊണ്ട് വരുന്നത്. തലമുറകളുടെ ഈ ആചാരം പുതിയ ധനമന്ത്രി ഒഴിവാക്കി.
പുതിയ ബജറ്റിലെ ചില സുപ്രധാനമായ കാര്യങ്ങള്‍ ഇതാ:
1. ഒരു വർഷം ഒരു കോടിയിൽ കൂടുതൽ രൂപ പിൻവലിച്ചാൽ രണ്ട് ശതമാനം ടി.ഡി.എസ് നൽകണം
2. ഡീസലിനും പെട്രോളിനും ലിറ്ററിന് ഒരുരൂപ വീതം കൂടും. പെട്രോളിനും ഡീസലിനും ഒരു രൂപ അധികസെസ് ഏർപ്പെടുത്തുന്നത് കൊണ്ടാണിത്.
3. വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും.
4. വൈദ്യുത വാഹനങ്ങൾ വാങ്ങുവാൻ വായ്പയെടുക്കുന്നവർക്ക് ആദായ നികുതിയിൽ ഇളവ്
5. 20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ പുറത്തിറക്കും
6. പൊതുമേഖലാ ബാങ്കുകൾ 70000 കോടി രൂപ വായ്പ
7. പാസ്‌പോർട്ടുള്ള എൻ.ആർ.ഐകാർക്ക് ആധാർ കാർഡ് ഉടൻ നൽകും. ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുൻപുള്ള നയം മാറ്റും
8. വ്യവസായ മേഖലയില്‍, സ്ത്രീകൾ നേതൃത്വം നൽകുന്ന സംരഭങ്ങൾക്ക് പ്രത്യേക സഹായം. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ നൽകും,.
9. പുതിയ ദേശീയ വിദ്യാഭ്യാസനയം വരും. പഠനവും ഗവേഷണവും പ്രോൽസാഹിപ്പിക്കാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ നിലവില്‍ വരും. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ 400കോടി രൂപ വകയിരുത്തും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരതമിഷൻ വിപുലീകരിക്കും
10 . “കൗശൽ വികാസ് യോജന” വഴി ഒരു കോടി യുവാക്കൾക്ക് വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ പരിശീലനം. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ അനുവദിക്കും.
11. ജലപരിപാലനത്തിനായി ജൽ ജീവൻ മിഷൻ പദ്ധതി ആരംഭിക്കും.
12. രാജ്യത്ത് ഏകീകൃത വൈദ്യുതിവിതരണത്തിന് “ഒരു രാജ്യം ഒരു ഗ്രിഡ്” പദ്ധതി നിലവില്‍ വരും. ജലഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കും.
13. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗിക്കാൻ പുതിയ കോർപ്പറേഷൻ നിലവില്‍ വരും. ഐഎസ്ആർഒയോട് ചേർന്ന് “ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്” എന്ന പൊതുമേഖലാ കമ്പനി പ്രവർത്തിക്കും
14. വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിട്ട്, ഉദാരവത്കരണം വിപുലമാക്കും. എൻ.ആർ.ഐകാർക്ക് ഇന്ത്യൻ ഓഹരികളിൽ പരിധികളില്ലാതെ പ്രവേശനം
15. വ്യോമയാന, മാധ്യമ, ഇൻഷുറൻസ് മേഖലകൾ തുറന്നുകൊടുക്കും
16. ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് രണ്ട് ശതമാനം ജിഎസ്ടി ഇളവ്. ചെറുകിട വ്യാപാരികൾക്കായി പെൻഷൻ പദ്ധതി നടപ്പാക്കും.
17. “ഒറ്റ ട്രാവൽ കാർഡ്” ഉപയോഗിച്ച് രാജ്യം മുഴുവൻ സഞ്ചരിക്കാൻ അവസരം.
18. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുകൾ അനുവദിക്കും