
നമ്മൾ തുടങ്ങുവല്ലേ സത്യേട്ടാ…ലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാന്‍റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി ക്യാമറയ്ക്കു മുന്നിലെത്തി മോഹൻലാലിന്‍റെ ചോദ്യം.. അതേയതെയെന്ന മറുപടിയോടെ സത്യൻ അന്തിക്കാട് എടുക്കാൻ പോകുന്ന സീൻ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു. സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ഫെബ്രുവരി പതിനാല് ശനിയാഴ്ച്ച മുതലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ തൃപ്പൂണിത്തറ പുതിയകാവിലെ സെറ്റിലെത്തിയത്.
യുവനടൻ സംഗീത് പ്രതാപും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർ രണ്ടു പേരും ഒന്നിച്ചുള്ള രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപേ സംഗീത് മോഹൻലാലിന്‍റെ അനുഗ്രഹവും വാങ്ങി.
പ്രേക്ഷകർക്കിടയിൽ എന്നും കൗതുകമുള്ള ഒരു കോമ്പിനേഷനാണ് സത്യൻ അന്തിക്കാടും മോഹൻലാലും. ലാളിത്യത്തിലൂടെ നെഞ്ചോടു ചേർത്തുവയ്ക്കാൻ പറ്റുന്ന ഒരു പിടി ചിത്രങ്ങളാണ് ഈ കോംബോയിൽ പിറന്നത്. ഹൃദയപൂർവ്വം എന്ന ചിത്രത്തിലെ സന്ദീപ് ബാലകൃഷ്ണനും അത്തരത്തിൽത്തന്നെയുള്ള ഒരു കഥാപാത്രമായിരിക്കും.
സംഗീതിന്‍റെ ജൻമദിനവും പ്രൊഡക്ഷൻ ടീം തികച്ചും ലളിതമായി കേക്കുമുറിച്ച് ആഘോഷിച്ചു. സിദ്ദിഖും സെറ്റിലുണ്ടായിരുന്നു. ലാലു അലക്സ്. സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മാളവികാ മോഹനാണ് നായിക. അഖിൽ സത്യന്‍റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.