ഇനി കാപ്പികൊപ്പം എന്ത് കഴിക്കണമെന്ന ശങ്കവേണ്ടേ വേണ്ട, കാപ്പി കഴിയുമ്പോൾ ഒപ്പം കപ്പും കറുമുറെ കടിച്ച് അകത്താക്കാം. “സീറോ വേസ്റ്റ്’ എന്ന ലക്ഷ്യം മുൻനിർത്തി തികച്ചും പരിസ്ഥിതി സൗഹാർദമായാണ് ഈ കപ്പുകൾ നിർമിച്ചിരിക്കുന്നത്.ഹൈദരാബാദ് ആസ്ഥാനമായ ജിനോംലാബ്സ് പ്രൈവറ്റ് ലിമിറ്റഡാണ് “സീറോ വേസ്റ്റ്’ ലക്ഷ്യത്തിനു മുതൽക്കൂട്ടാകുന്ന കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.
കാപ്പിയോ, ചായയോ, സൂപ്പോ, ശീതളപാനീയങ്ങളോ എന്തുമാകട്ടെ 40 മിനിറ്റ് വരെ ഒരു കേടുപാടും കൂടാതെ ഈ കപ്പിൽ സൂക്ഷിക്കാം.”ഈറ്റ് കപ്പ്’ എന്നാണ് കമ്പിനി ഈ പുതിയ ഉത്പന്നതിനു നൽകിയിരിക്കുന്ന പേര്. ധാന്യങ്ങളുപയോഗിച്ചാണ് ഈറ്റ് കപ്പിന്റെ നിർമ്മിച്ചിരിക്കുന്നത്. സമ്പൂർണമായി ഭക്ഷ്യ യോഗ്യമാണിത്.
ആർക്കും ഇഷ്ടപ്പെടുന്ന സ്വാദിൽ, നാരുകളാൽ സമ്പന്നമായ പോഷകാഹാരം കൂടിയാണീ കപ്പെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ സുരേഷ് രാജു വ്യക്തമാക്കി. പുതിയ കപ്പ് വാണിജ്യാടിസ്ഥാനത്തിൽ ഇറങ്ങുന്നതോടെ ഇപ്പോൾ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്, പേപ്പർ കപ്പുകൾ ഉപേക്ഷിക്കാമെന്നും അദ്ദേഹം.പത്തു മാസത്തിനുള്ളിൽ ഷമീർപേട്ടിലെ ഒമ്പത് ഏക്കർ സ്ഥലത്ത് നിർമാണം തുടങ്ങുമെന്നും കമ്പനി അറിയിച്ചു.