മലയാളസിനിമ ഇന്ന് ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്, ഒരുകാലത്തു മലയാളസിനിമ കണ്ട സൂപ്പര്‍ സംവിധായകന്‍ ഐ വി ശശിയുടെ വിയോഗം. ക്യാന്‍സറിന് ചികിത്സയിലാരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ വിയോഗം മലയാളത്തിന് അപ്രതീക്ഷിതമായിരുന്നു.
ഐവി ശശിയുടെ കരവിരുതില്‍ പിറന്ന മലയാളസിനിമകള്‍ ഒന്നിനൊന്നു മികച്ചതായിരുന്നു. ഇന്ന് നമ്മള്‍ പറയുന്ന ‘മാസ്സ്’ സിനിമകളുടെ പലതിന്റെയും തുടക്കകാരന്‍ അദ്ദേഹമായിരുന്നു എന്നതാണ് സത്യം.
തന്‍റേതായ രീതിയും സംവിധായക ശൈലിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തില്‍ എക്കാലവും തിളങ്ങി നിന്ന സീമ, രതീഷ്, ശ്രീവിദ്യ, മമ്മൂട്ടി തുടങ്ങിയ അഭിനയ പ്രതിഭകളെ സിനിമാ ലോകത്തിന് സമ്മാനിച്ചത് അദ്ദേഹം തന്നെയാണ്. പല ലൊക്കേഷനുകളിലായി ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു ഐവി ശശി. മലയാളത്തിന് 150 ഓളം സിനിമകള്‍ സംഭാവന ചെയ്ത മഹാപ്രതിഭയായിരുന്നു അദ്ദേഹം.
കലാസംവിധായകന്‍, ക്യാമറാമാന്‍, സഹസംവിധായകന്‍ പല വഴിയിലൂടെ സിനിമയുടെ ആദ്യാവസാനക്കാരന്റെ എല്ലാ റോളുമണിഞ്ഞാണ് ഐവി ശശി സംവിധായകനായത്. ശശി-ഷെരീഫ് രാമചന്ദ്രന്‍ കൂട്ടായ്മയില്‍ തന്നെ വിരിഞ്ഞ അവളുടെ രാവുകളിലൂടെയാണ് ഐവി ശശി എന്ന സംവിധായകനെ മലയാള സിനിമ തിരിച്ചറിഞ്ഞത്. ഒരു ലൈംഗികത്തൊഴിലാളി പ്രധാനകഥാപാത്രമാകുന്ന സിനിമയെ കുറിച്ചു അന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും മലയാളിയുടെ കപടസദാചാരം സമ്മതിച്ചിരുന്നില്ല. മുന്‍നിര നായികമാര്‍ നിരസിച്ച ആ വേഷത്തില്ലൂടെ മലയാളത്തിനു ലഭിച്ച സീമ എന്ന ശാന്തി തന്നെ പില്‍ക്കാലത്ത് ഐവി ശശിയുടെ ജീവിതത്തിലും നായികയായി.
മലയാളത്തില്‍ ട്രെന്‍ഡുകള്‍ക്ക് തുടക്കമിട്ട ശശിയാണ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനംനല്‍കിയതും. 1968ല്‍ എ.വി.രാജിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി. ഉത്സവംആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായി.
https://youtu.be/1mGCKU2Bk9Q
അദ്ദേഹം ഇന്ന് വിടപറഞ്ഞപ്പോള്‍ ബാക്കി വെച്ചു പോയത് ഇനിയുമൊരു ചിത്രം സംവിധാനം ചെയ്യണം എന്ന സ്വപനമാണ്.ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന ഇടവേളയ്ക്ക് ശേഷം ഐ വി ശശി വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത സന്തോഷത്തോടെയായിരുന്നു സിനിമാപ്രേമികൾ ഏറ്റെടുത്തത്. കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കി പ്രമുഖ നിർമാതാവ് സോഹൻ റോയിക്കൊപ്പം ചേർന്നൊരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നുവെന്ന് അദ്ദേഹം തന്നെയാണ് പ്രഖ്യാപിക്കുന്നതും. എന്നാൽ ആ സ്വപ്നം നടന്നില്ല. ബേർണിങ് വെൽസ് എന്നാണു ചിത്രത്തിനു പേരിട്ടിരുന്നത്. കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കി എടുക്കുന്ന ചിത്രം ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. മൂന്നു വർഷം മുന്‍പേ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. തിരക്കഥ അവസാന ഘട്ടത്തിലായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന്റെ നിര്യാണം.