14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ; ഐസ്‌ലൻഡിൽ അടിയന്തിരാവസ്ഥ

0

നിരന്തരമായി തുടർ ഭൂചലനങ്ങളുണ്ടായ ഐസ്‌ലൻഡിൽ അടിയന്തിരാവസ്ഥ. കഴിഞ്ഞ 14 മണിക്കൂറിനിടെ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളിൽ ചെറു ഭൂചലനങ്ങളുമായി ഐസ്‌ലൻഡിലുണ്ടായത്. അഗ്നിപർവതത്തിൻ്റെ സമ്മർദ്ദം കാരണമാണ് ഇത്രയധികം ഭൂചലനങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഭൂചലനങ്ങളുടെ തീവ്രത വർധിക്കുകയാണെന്നും അഗ്നിപർവതം പൊട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

തുടർ ഭൂചലനങ്ങളിൽ 5.2 തീവ്രത രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമായത്. ആൾനാശമോ സാരമായ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിൻ്റെ തെക്കേ അറ്റത്തുള്ള റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. അഗ്നിപർവത സ്ഫോടന സാധ്യതയുള്ളതിനാൽ ആഡംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും അടച്ചുപൂട്ടിയിരിക്കുകയാണ്. അഗ്നിപർവത സ്ഫോടനമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.