ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് നാളെ തിരശീല ഉയരും. വൈകിട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്‌ഘാടനം ചെയ്യും. പതിവില്‍ നിന്നു വ്യത്യസ്‌തമായി രാവിലെ മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനമാരംഭിക്കും. മറ്റു ജില്ലകളില്‍നിന്നും നേരത്തെയെത്തുന്ന പ്രേക്ഷകരുടെ സൗകര്യം പരിഗണിച്ചാണിത്. അഭയാര്‍ഥി പ്രശ്‌നങ്ങളും കുടിയേറ്റവുമാണു മേളയിലെ സിനിമകളുടെ പ്രധാന വിഷയമെന്നു ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
62 രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങളാണു പല വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൈഗ്രേഷന്‍, ലിംഗസമത്വം പ്രതിപാദിക്കുന്ന ജെന്‍ഡര്‍ ബെന്‍ഡര്‍, കെന്‍ ലോച്ചിന്റെ റിട്രോസ്‌പെക്‌ടീവ്, ഒറിജിനല്‍ പ്രിന്റിലൂടെ പ്രദര്‍ശനം നടത്തുന്ന നൈറ്റ് ക്ലാസിക്‌സ് വിഭാഗങ്ങളാണ് ഇത്തവണത്തെ പ്രത്യേകതകള്‍. രാജ്യാന്തര മത്സരവിഭാഗത്തില്‍ 15, ലോകസിനിമാ വിഭാഗത്തില്‍ 81 സിനിമകളുമുണ്ട്. 13,000 ത്തിലധികം പ്രതിനിധികള്‍ മേളയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതിനിധി പാസുകളുടെ വിതരണം ഇന്നലെ ആരംഭിച്ചു.
പ്രധാനവേദിയായ ടാഗോര്‍ ഉള്‍പ്പെടെയുള്ള 13 തിയറ്ററുകളിലുമായി 9,000 പേര്‍ക്കു മാത്രമേ ഇരിപ്പിടമുള്ളൂ. എന്നാല്‍ നിശാഗന്ധിയില്‍ ഒരേസമയം 2500 പേര്‍ക്ക് സിനിമ കാണാന്‍ സൗകര്യം ലഭിക്കും. ചലച്ചിത്ര പ്രതിഭകളുമായുള്ള സംവാദം, ഓപ്പണ്‍ ഫോറം എന്നിവയ്‌ക്കു പുറമേ ടാഗോറില്‍ ഫോക് ഫെസ്‌റ്റിവലും മേളയുടെ ഭാഗമായി ഉണ്ടാകും. സാധാരണയായുള്ള ഒരു കൗണ്ടര്‍ എന്നതിനെക്കാളുപരിയായി ഫിലിം മാര്‍ക്കറ്റിന് ഇത്തവണ പ്രാധാന്യം നല്‍കും.