കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷം നവംബര്‍ 9 വരെയുള്ള ഇന്ത്യയുടെ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 12.37 ലക്ഷം കോടി രൂപയായതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.5 ശതമാനം വര്‍ധനയാണുണ്ടായത്. റീഫണ്ടുകള്‍ ഒഴികെയുള്ള മൊത്തം പിരിവ് ഈ കാലയളവില്‍ 21.8 ശതമാനം ഉയര്‍ന്ന് 10.6 ലക്ഷം കോടി രൂപയായി. ഏപ്രില്‍ ഒന്നിനും നവംബര്‍ ഒമ്പതിനും ഇടയില്‍ 1.77 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ട് കേന്ദ്രം നല്‍കിയിട്ടുണ്ട്.
നിലവില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്‍റെ 58.15 ശതമാനമാണ് നികുതി പിരിവ്. കോര്‍പ്പറേറ്റ് ആദായനികുതി (സി.ഐ.ടി) 7.13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സി.ബി.ഡി.ടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വ്യക്തിഗത ആദായ നികുതി (പി.ഐ.ടി) ഈ വര്‍ഷം 28.29 ശതമാനം ഉയര്‍ന്നു. റീഫണ്ടുകള്‍ക്ക് ശേഷം കോര്‍പ്പറേറ്റ് ആദായനികുതി പിരിവിലെ വളര്‍ച്ച 12.48 ശതമാനവും വ്യക്തിഗത ആദായ നികുതി പിരിവിലെ വളര്‍ച്ച 31.77 ശതമാനവുമാണ്.
ചരക്ക് സേവന നികുതി (ജി.എസ്.ടി) പിരിവില്‍ പ്രതിവര്‍ഷം 13-14 ശതമാനം വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത 1.87 ലക്ഷം കോടി രൂപയ്ക്ക് ശേഷം ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പിരിവ് ഒക്ടോബറിലെ 1.72 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം പ്രതിമാസ ശരാശരി ജി.എസ്.ടി വളര്‍ച്ച 1.66 ലക്ഷം കോടി രൂപയാണ്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നികുതി പിരിവ് 10.45 ശതമാനം വര്‍ധിച്ച് 33.61 ലക്ഷം രൂപയിലെത്തുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. 2024-25ല്‍ പ്രതിമാസ ശരാശരി 1.7-1.8 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.