ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നൽകി. ജാപ്പനീസ് ഔഷധ നിർമാണ ഭീമനായ തക്കേഡ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച ‘ക്യൂഡെംഗ’ (QDENGA) എന്ന വാക്സിനാണ് ഇന്ത്യയിൽ വിപണനാനുമതി ലഭിച്ചത്. രോഗവ്യാപനം തടയുന്നതിലും ഡെങ്കിപ്പനി മൂലം ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിലും ഈ വാക്സിൻ നിർണായക പങ്കുവഹിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
നാല് വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർക്കാണ് ക്യൂഡെംഗ വാക്സിൻ നൽകാൻ അനുമതിയുള്ളത്. ഡെങ്കി വൈറസിന്റെ നാല് പ്രധാന വകഭേദങ്ങൾക്കെതിരെയും ഉയർന്ന പ്രതിരോധശേഷി നൽകാൻ ഈ വാക്സിന് സാധിക്കും. മുൻപ് ഡെങ്കിപ്പനി ബാധിച്ചിട്ടില്ലാത്തവർക്കും പ്രത്യേക രക്തപരിശോധനകളൊന്നും കൂടാതെ തന്നെ ഈ വാക്സിൻ സ്വീകരിക്കാമെന്നത് വലിയ നേട്ടമാണ്. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് ഇത് കുത്തിവെപ്പിലൂടെ നൽകുന്നത്.
ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളിൽ നിന്നും സംരക്ഷണം നൽകാൻ രൂപകൽപ്പന ചെയ്ത വാക്സിനാണ് QDENGA. 0.5 മില്ലി രണ്ട് ഡോസ് എന്ന രീതിയിൽ ചർമത്തിനടിയിൽ നൽകുകയാണ് ചെയ്യുക. മൂന്നുമാസത്തെ ഇടവേളയിലാണ് ഡോസുകൾ നൽകുക. ഡെങ്കിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ QDENGA ഉപയോഗിക്കാൻ നേരത്തേ ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിരുന്നു. ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളിൽ QDENGA അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ടാകെഡയുടെ ആഗോള ക്ലിനിക്കൽ ഡെവലപ്മെന്റ് പ്രോഗാമിൽ നിന്നുള്ള ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും വാക്സിന് അംഗീകാരം നൽകാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളിൽ നിന്നും അല്ലാത്ത പ്രദേശങ്ങളിൽ നിന്നും 28,000-ലേറെ ആധാരമാക്കിയാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. മൂന്നു ഘട്ടങ്ങളിലായാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. തുടർന്നാണ് വാക്സിൻ സ്വീകരിച്ച് മാസങ്ങൾക്കുള്ളിൽ ഡെങ്കിപ്പനിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പായത്. ഏഴുവർഷം വരെ സുരക്ഷയും കാര്യക്ഷമതയും വാക്സിൻ പ്രകടമാക്കിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു.
മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ളവരിൽ നടത്തിയ ഡാറ്റയും വാക്സിന്റെ കാര്യക്ഷമത വ്യക്തമാക്കി. ഇത് 4-60 വയസ്സ് പ്രായമുള്ള വ്യക്തികളിൽ വാക്സിൻ്റെ സുരക്ഷയും പ്രതിരോധശേഷിയും വിലയിരുത്തുന്നതായിരുന്നു ഈ ട്രയൽ. തുടർന്നാണ് ആരോഗ്യമുള്ള മുതിർന്നവർ, കൗമാരക്കാർ, കുട്ടികൾ എന്നിവരിൽ നന്നായി സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതുമാണ് പുതിയ വാക്സിനെന്ന് കണ്ടെത്തിയത്.
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.
ഇന്ത്യയിലെ വിതരണം സുഗമമാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ എന്ന പ്രമുഖ വാക്സിൻ നിർമാതാക്കളുമായി തക്കേഡ കരാറിലെത്തിയിട്ടുണ്ട്. പ്രതിവർഷം അഞ്ച് കോടിയോളം ഡോസുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നാൽപ്പതോളം രാജ്യങ്ങളിൽ നിലവിൽ ഉപയോഗത്തിലുള്ള ഈ വാക്സിന് ലോകാരോഗ്യ സംഘടനയുടെ പ്രീ-ക്വാളിഫിക്കേഷൻ അംഗീകാരവുമുണ്ട്. മഴക്കാലത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന ഇന്ത്യയിൽ വരും ദിവസങ്ങളിൽ ഈ വാക്സിൻ ലഭ്യമാകുന്നതോടെ പൊതുജനാരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകും.