ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി; പാകിസ്ഥാന്‍ സ്വന്തമാക്കിയത് 180 റണ്‍സിന്റെ ജയം

0

ഇന്ത്യന്‍ ആരാധക ഹൃദയങ്ങളെ കീറി മുറിച്ചുകൊണ്ട് ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാന്‍ സ്വന്തമാക്കി. 180 റണ്‍സിന്റെ പടുകൂറ്റന്‍ മാര്‍ജിനിലാണ് ഫൈനലില്‍ പാക് പച്ചപ്പട ഇന്ത്യയെ തോല്‍പ്പിച്ചത്.

ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ പാകിസ്ഥാന്‍ അനായാസമാണ് ജയം കൈപ്പിടിയിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് 338 റണ്‍സാണ് എടുത്തത്. എതിര്‍ടീം പാകിസ്ഥാനായതിനാല്‍ തന്നെ ഉയര്‍ന്ന സ്‌കോറാണെങ്കിലും കൂടി ലക്ഷ്യം കാണാന്‍ കോഹ്‌ലിയുടെ കുട്ടികള്‍ക്ക് കഴിയുമെന്നാണ് ഏവരും കരുതിയത്.

എന്നാല്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിക്കൊണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കും മുന്‍പ് തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാക്കി. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തന്നെ തിളങ്ങാന്‍ കഴിയാത്ത മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡെ മാത്രമാണ് പിടിച്ചു നിന്നത്. ഇന്ത്യ 100 റണ്‍സ് തികയ്ക്കുമോ എന്ന് സംശയിച്ച ഘട്ടത്തില്‍ 43 പന്തില്‍ നാലു ബൗണ്ടറിയും ആറു സിക്‌സും സഹിതം 76 റണ്‍സെടുത്ത ഹാര്‍ദിക് പ്രതീക്ഷകയുടെ നാളം നിലനിര്‍ത്തി. എന്നാല്‍ ജഡേജയുടെ അശ്രദ്ധ മൂലം പുറത്താനായിരുന്നു പാണ്ഡെയുടെ വിധി. ഒടുവില്‍ 30.3 ഓവറില്‍ 158 റണ്‍സ് എന്ന ദയനീയമായ സ്‌കോറില്‍ ചാംപ്യന്‍സ് ട്രോഫി കിരീടം അയല്‍ക്കാര്‍ക്ക് വിട്ടു നല്‍കാനായിരുന്നു ടീം ഇന്ത്യയുടെ ദുര്‍ഗതി.