ഒറ്റത്തവണ വിക്ഷേപണത്തില്‍ ഏറ്റവും കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചതിനുള്ള റെക്കോര്‍ഡ് ഇനി ഇന്ത്യയ്ക്ക് സ്വന്തം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ച രാവിലെ 9.28നായിരുന്നു 104 കൃത്രിമ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 37 കുതിച്ചുയര്‍ന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി 37 വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമാണന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റഷ്യന്‍ ബഹിരാകാശ ഏജന്‍സി 37 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് സ്വന്തമാക്കിയ റെക്കോര്‍ടാണ് ഇന്ത്യ തകര്‍ത്തത്.വിക്ഷേപണത്തിന് മുന്നോടിയായുള്ള 28 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.28ന് ആരംഭിച്ചിരുന്നു. രാത്രിയോടെ തന്നെ റോക്കറ്റിലെ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയയും പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ത്യയുടെ മുന്ന് ഉപഗ്രഹങ്ങളും, ആറു വിദേശ രാജ്യങ്ങളുടെ 101 ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. അമേരിക്കയുടെ 96 നാനോ സാറ്റ്‌ലൈറ്റുകളും വിക്ഷേപിച്ചവയില്‍ ഉള്‍പെടുന്നു. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1378 കിലോഗ്രാം ഭാരമുണ്ട്. ഇസ്രയേല്‍,കസാഖിസ്ഥാന്‍,നെതര്‍ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, യുഎസ്എ, യുഎഇ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിക്കുന്നത്.