തിരിച്ചടിച്ച് ഇന്ത്യ; തകർത്തത് ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനം

0

ബാലാകോട്ട്: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പുലര്‍ച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്.

പാക് അധീനകശ്മീരിലല്ല പാകിസ്ഥാനിൽത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാകിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്‍വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനമാണ് ഇന്ത്യ ആക്രമിച്ച് തകർത്തിരിക്കുന്നത്.

ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരര്‍ക്കെതിരെ വര്‍ഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ലേസര്‍ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തിയത്. മുസഫറാബാദ് മേഖലയിൽ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.

എന്നാൽ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ജയ്ഷെ ക്യാംപിലെ തീവ്രവാദികൾ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്.