പെയ്തൊഴിഞ്ഞത് ഇന്ത്യൻ ചരിത്രത്തിലെ ‘വരണ്ട’ ജൂൺ മാസം

0

ബാല്യം പോലെ സുന്ദരമായ ഒത്തിരി ഓർമ്മകൾ നമുക്ക് സമ്മാനിച്ച് കടന്നു പോകുന്നൊരുകാലമാണ് മഴക്കാലം…ഓരോ മഴക്കാലത്തിനുമുണ്ടാകും നമ്മളോട് ഓരോ കഥകൾ പറയാൻ…മൊത്തത്തിൽ നനഞ്ഞൊലിച്ച് കയറിച്ചെല്ലുന്ന സ്കൂൾ വരാന്തകളും മഴതോരും വരെ കാമുകിയുമായി സൊറപറഞ്ഞിരിക്കുന്ന പ്രണയകാറ്റുവീശുന്ന കോളേജ് കാന്റീനും ബസ്‌സ്റ്റോപ്പും, വൈകുന്നേരങ്ങളിൽ നല്ല ചക്കപ്പുഴുക്കിന്റെ മണം പരക്കുന്ന അടുക്കളവരാന്തകളും…അങ്ങനെ ഒത്തിരി ഒത്തിരി നനുത്ത ഓർമ്മകളിലൂടെയാണ് ഓരോ മഴക്കാലവും പെയ്തൊഴിയുന്നത്. എന്നാൽ ഇന്ന് ആ മഴക്കാലം ഇല്ല മഴപെയ്ത് കുത്തിയൊലിച്ചൊഴുകുന്ന വഴിയോരങ്ങളില്ല. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ ലഭിച്ച ജൂണ്‍ മാസമായിരുന്നു ഈ വർഷം കടന്നുപോയത്.

മെയ് മാസം അവസാനമായാപ്പിന്നെ ഇടവപ്പാതിയായി. മെയ്യ് മുപ്പത്തോടെ തന്നെ മഴകോരിചൊരിയാൻ തുടങ്ങും. വേനലവധിക്ക് കളിച്ചു തിമർത്തു നിലം പരിശാക്കിയ വയലോരങ്ങളും തൊടിയുമെല്ലാം പുതുമഴയിൽ മൂടിയിട്ടുണ്ടാകും….അങ്ങനെ മഴയും കാറ്റും കോളുമൊക്കെയായാണ് ഓരോ ജൂൺ മാസവും കടന്നുപോകാറുള്ളത്.

മൺസൂൺ മഴയുടെ കേരളത്തിലെ സാധാരണ ആരംഭദിനം ജൂണ്‍ ഒന്ന്‍ ആണ്. ഇത് മലയാളമാസം ഇടവം പകുതി ആയതുകൊണ്ടാണ് അതിനെ ഇടവപ്പാതി എന്നുപറയുന്നത്​. എന്നാല്‍, 1971 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൂന്നുതവണ (1980, 2000, 2013) മാത്രമാണ് കാലവർഷം ജൂണ്‍ ഒന്നിന് തുടങ്ങിയത്. എങ്കിലും, അന്തരീക്ഷശാസ്ത്രം അനുസരിച്ച് മൺസൂൺ ആരംഭത്തിലെ ഏഴുദിവസം വരെയുള്ള വ്യത്യാസം സാധാരണയായതുകൊണ്ട് മേയ്‌ 25 മുതല്‍ ജൂണ്‍ എട്ടുവരെയുള്ള കാലയളവിനെ ശരാശരി മൺസൂണ്‍ ആരംഭമായി കണക്കാക്കാം.

ഇത്തവണ ഇടവപ്പാതിയിലെ മഴയുടെ സ്ഥിതി വളരെ ദയനീയമാണ്. ഒരാഴ്ച വൈകി ജൂണ്‍ എട്ടോടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയെങ്കിലും അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തി എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഈ പ്രശ്നങ്ങൾ മൂലം ഇത്തവണ മഴ നല്ലതോതിൽ കുറയുകയാണുണ്ടായത്. 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.

ഇന്ത്യയില്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റര്‍ മാത്രമാണ്. 1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 2009 (85.7 എംഎം), 2014 (95.4 എംഎം), 1926 (98.7 എംഎം), 1923 (102 എംഎം) എന്നതായിരുന്നു കണക്ക്. ഇതില്‍ 2009, 2014 വര്‍ഷങ്ങള്‍ കാലാവസ്ഥാ മാറ്റം വരുത്തുന്ന എല്‍ നിനോ പ്രതിഭാസത്തിന് കീഴിലായിരുന്നു മഴ കുറഞ്ഞത്. ഇത്തവണയും ഇതേ പ്രതിഭാസം ഉണ്ടായിരിക്കാം എന്നാണ് വിലയിരുത്തൽ.

സാധാരണഗതിയില്‍ ജൂലായ് ഒന്നോടെ രാജ്യത്തെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ മഴ ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ മൂന്നില്‍ ഒന്ന് സംസ്ഥാനങ്ങളില്‍ പോലും മണ്‍സൂണ്‍ എത്തിയിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ട്-മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ മഴയെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്ന രാജ്യത്തെ 50 ശതമാനം കാര്‍ഷിക മേഖലയുടെ കാര്യം അവതാളത്തിലാകും. ആവശ്യത്തിന് മഴ ലഭിക്കാതാകുന്നതോടെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലേയ്ക്ക് നീങ്ങാനിടയുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇതോടയാണ് കേരളത്തിലും മഴയുടെ അളവിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടത്.ജൂലായുടെ ആദ്യപകുതിയോടെ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും മധ്യേന്ത്യയിലും നല്ല മഴ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശരാശരിയിലും താഴ്‌ന്ന മഴയേ ലഭിക്കാനിടയുള്ളൂ. ജൂലായുടെ രണ്ടാം പകുതിയില്‍ ഇവിടങ്ങളില്‍ മഴയുടെ ലഭ്യത കൂടിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നു.

അതേ സമയം 100 വര്‍ഷത്തിനിടയില്‍ 10 വരണ്ട ജൂണുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതില്‍ 2009, 2012, 2014, 2019 എന്നിങ്ങനെ നാലെണ്ണവും വന്നത് കഴിഞ്ഞ ദശകത്തിലാണ്. ഈ ജൂണിലെ കാലവര്‍ഷ കുറവ് ഇന്ത്യയൂടെ പാശ്ചാത്യ ദക്ഷിണ ഭാഗങ്ങളില്‍ ശക്തമായ ജലദൗര്‍ലഭ്യം കൊണ്ടുവന്നു.

ഇന്ത്യയിലെ 91 ജലസംഭരണികളില്‍ ജലനിരപ്പ് 17 ശതമാനം മുതല്‍ 16 ശതമാനം വരെയായി കുറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര പോലെയുള്ള പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ ജലസംഭരണികളില്‍ ജലനിരപ്പ് 9 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം 13 ശതമാനവും കഴിഞ്ഞ പത്തു വര്‍ഷം 17 ശതമാനവും കുറഞ്ഞു.

ഇതോടെ കനത്ത വരള്‍ച്ച നേരിടുന്ന മറാത്താവാഡ, വിദര്‍ഭ എന്നിവിടങ്ങളില്‍ മഴ സാധാരണഗതിയിലും താഴെയാണ്. എന്നിരുന്നാലും ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ഒഡീഷയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മദ്ധ്യഭാഗങ്ങളിലും ജൂലൈ ആദ്യ വാരത്തോടെ ശക്തമായ മഴയായി മാറുമെന്നുമുള്ള സൂചനകള്‍ പുറത്തു വരുന്നുണ്ട്.

രാജ്യത്ത്​ കാലവർഷം സജീവമായിരുന്നാലും കേരളത്തില്‍ നല്ല മഴ ലഭിക്കണമെന്നില്ല എന്നത് കഴിഞ്ഞ ചില വർഷങ്ങളില്‍ കണ്ടതാണ്. ഉദാഹരണത്തിന് 2012ലും 2016 ലും രാജ്യത്തു ശരാശരി മൺസൂൺ മഴ ലഭിച്ചപ്പോള്‍ കേരളത്തില്‍ ഇടവപ്പാതി മഴ കുറവായിരുന്നു.കഴിഞ്ഞ 100 കൊല്ലങ്ങളില്‍ സമൃദ്ധമായി ലഭിച്ച മഴ തന്നെയാണ് ഇന്നും കേരളത്തി​​ന്റെ ദാഹം ശമിപ്പിക്കുന്ന ഭൂഗർഭജല ​സ്രോതസ്സുകൾ. കേരളത്തി​​ന്റെ ചരിഞ്ഞ ഭൂപ്രകൃതി പെയ്യുന്ന മഴയുടെ 70 ശതമാനവും ഒഴുക്കി കടലില്‍ കൊണ്ടുപോകുന്നു. ആധുനിക സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗവും കൂടുതല്‍ തണ്ണീര്‍തടങ്ങളും കിണറുകളും അത്യാവശ്യമായി വന്നിരിക്കുകയാണ്.

രാജ്യത്തു നാലുതരം കാലാവസ്ഥയാണ് നിലനിൽക്കുന്നത്‌ ശൈത്യം, വേനൽ, തെക്ക് പടിഞ്ഞാറന്‍ കാലവർഷം, വടക്ക് കിഴക്കന്‍ കാലവർഷം എന്നിങ്ങനെ. എന്നാല്‍, തീരദേശത്തി​​ന്റെ സാന്നിധ്യമുള്ളതുകൊണ്ട്​ മരംകോച്ചുന്ന ഒരു തണുപ്പുകാലം കേരളത്തില്‍ ഇല്ലെന്ന് പറയാം. അതുകൊണ്ട്​ കേരളത്തില്‍ ശിശിരകാലം ഇല്ല, ഹേമന്തം മാത്രമാണെന്ന് പഴമക്കാര്‍ പറയുന്നുണ്ട്.

അങ്ങനെ പൊതുവായി നോക്കുമ്പോള്‍ മൂന്നുതരം മഴക്കാലങ്ങള്‍ മാത്രമാണ് കേരളത്തിലുള്ളത്: വേനല്‍മഴയും (മാർച്ച്​ മുതല്‍ മേയ്‌ വരെ) ഇടവപ്പാതിയും (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ) തുലാവർഷവും (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ). രാജ്യത്തിന്റെ മഞ്ഞുകാലം എന്നറിയപ്പെടുന്ന ജനുവരിയിലും ഫെബ്രുവരിയിലും പോലും കേരളത്തില്‍ മഴയുണ്ട്. ഏറ്റവും നല്ല ശൈത്യമഴ ലഭിക്കുന്നത് തെക്കന്‍ ജില്ലകളിലാണ്. പ്രത്യേകിച്ച് ആലപ്പുഴയിലും പത്തനംതിട്ടയിലും കോട്ടയത്തും.

ഒരുവർഷത്തെ 12 മാസവും മഴ പെയ്യുന്ന ഭൂവിഭാഗമാണ്‌ കേരളം. മൂന്നുതരം പ്രദേശങ്ങളും (മലനാട്, ഇടനാട്‌, തീരപ്രദേശം) മൂന്നു മഴക്കാലങ്ങളും മൂന്നുതരം കൃഷിയും (വിരിപ്പ്, മുണ്ടകന്‍, പുഞ്ച) നമ്മുടെ മാത്രം പ്രത്യേകതയാണ്. മേയ്‌ പകുതി കഴിയുമ്പോള്‍ രാജ്യത്തി​​ന്റെ മുഴുവന്‍ ശ്രദ്ധയും കേരളത്തിലേക്ക് നീളുന്നതിനു കാരണം കേരളത്തി​​​ന്റെയും രാജ്യത്തിന്റെയും വാർഷികമഴയുടെ 70 ശതമാനവും ലഭിക്കേണ്ടത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന തെക്ക്-പടിഞ്ഞാറന്‍ കാലവർഷത്തിലാണ് എന്നുള്ളതു മാത്രമല്ല, രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ഈ മഴയെ ആശ്രയിക്കുന്നു എന്നുള്ളതുമാണ്. ഇവിടെ ജൂണ്‍ ഒന്നിന് കാലവർഷം തുടങ്ങിയാല്‍മാത്രമേ ജൂലൈ 15 ആകുമ്പോഴേക്കും അത് രാജ്യം മുഴുവന്‍ വ്യാപിക്കുകയുള്ളൂ.

എന്നാൽ ഈ പ്രതീക്ഷകൾക്കെല്ലാം വിപരീതമായി ഇത്തവണ ജൂൺ മാസത്തെ മഴയൊന്നു പുല്കിയതുപോലുമില്ല. എന്നിരുന്നാലും ജൂലൈയില്‍ ശക്തമായ കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷ.