ന്യൂഡല്‍ഹി: ചാരക്കുറ്റമാരോപിച്ച് പാകിസ്താന്‍ തടവിലിട്ട മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിസന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി. നാളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷനെ സന്ദര്‍ശിക്കാം. എന്നാൽ പാകിസ്താന്റെ വാഗ്ദാനം വിലയിരുത്തിയ ശേഷം നയതന്ത്ര തലത്തില്‍ തന്നെ മറുപടി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയെ തുടര്‍ന്നാണ് ജാദവിന് ഇന്ത്യയുടെ നയതന്ത്ര സഹായം നൽകാൻ പാകിസ്താന്‍ തയ്യാറായത്.
2017 ഏപ്രിലിലാണ് ഇന്ത്യ അവസാനമായി കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാകിസ്ഥാനോട് അനുമതി തേടിയത്. എന്നാല്‍, ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയതിനെ തുടര്‍ന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. 2016ലാണ് ചാരവൃത്തിയാരോപിച്ച് മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിനെ പാകിസ്ഥാന്‍ പിടികൂടിയത്.
പിന്നീട് 2017 ഏപ്രിലില്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷക്കെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷ പുനപരിശോധിക്കണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും രാജ്യാന്തര കോടതി ഉത്തരവിട്ടു. ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാക് കോടതി നടപടികള്‍ പാലിച്ചില്ലെന്നും ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു.