ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാന്‍ കഴിയുന്ന വിദേശരാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ?

0

പല ആവശ്യങ്ങള്‍ക്കായി വിവിധരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പലപ്പോഴും ഏറെ നാള്‍ ഒരു രാജ്യത്ത് തന്നെ തങ്ങേണ്ടി വരാറുണ്ട്.അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമ്മുടെ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പല വിദേശരാജ്യങ്ങളിലും ഉപയോഗിക്കാന്‍ കഴിയുമെന്ന് അറിയാമോ ?ഓരോ രാജ്യത്തെ മോട്ടോര്‍ വാഹന നിയമങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുകയും മാറ്റം വരികയും ചെയ്യുന്നതാണ് ഈ നിയമങ്ങള്‍.ട്രാഫിക് നിയമങ്ങള്‍ കൃത്യമായി മനസിലാക്കി, കുറച്ചു രേഖകളും കൈയ്യിലുണ്ടെങ്കില്‍ നമ്മുടെ ലൈസന്‍സുമായി ധൈര്യമായി ഈ രാജ്യങ്ങളിലെ റോഡുകളിലേക്കിറങ്ങാം. ആ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

യുകെ-യുകെയില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് ഒരു വര്‍ഷം വാഹനമോടിക്കാന്‍ കഴിയും. അതിനു ശേഷം അവിടുത്തെ ടെസ്റ്റ് പാസായി ലൈസന്‍സ് എടുക്കണം.

ന്യൂസിലാന്‍ഡ്- ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കണമെന്നതു മാത്രമാണ് നിബന്ധന. 12 മാസത്തേക്കാണ് യാത്ര ചെയ്യാനാവുന്നത് പിന്നീട് ആ രാജ്യത്തെ ലൈസന്‍സ് എടുക്കേണ്ടിവരും.

സ്വിറ്റ്‌സര്‍ലാന്‍ഡ്-മാതൃരാജ്യത്തെ ലൈസന്‍സിന്റെ പരിഭാഷയും ഒറിജിനലുമുണ്ടെങ്കില്‍ ലോകത്ത് ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന രാജ്യത്തിലൂടെ നമുക്ക് ചുറ്റിയടിക്കാം. ഒരു വര്‍ഷം ആണ് കാലാവധി.

ഫ്രാന്‍സ്-ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ഫ്രഞ്ച് പരിഭാഷയുണ്ടെങ്കില്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റെ റോഡുകളിലൂടെ നമുക്ക് വാഹനം ഓടിക്കാം.

നോര്‍വേ-മൂന്നു മാസം നോര്‍വേ ചുറ്റിയടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിക്കാം.

സൗത്ത് ആഫ്രിക്ക-സൗത്ത് ആഫ്രിക്കന്‍ ഭാഷകളിലുള്ള പരിഭാഷയോടൊപ്പവും അല്ലെങ്കില്‍ എംബസിയുടെ സമ്മതപത്രത്തിനൊപ്പവും ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നമുക്ക് ഉപയോഗിക്കാം.

ജര്‍മ്മനി-എംബസിയില്‍ നിന്നു പരിഭാഷപ്പെടുത്തിയ ലൈസന്‍സുണ്ടെങ്കില്‍ ആറുമാസം ജര്‍മ്മനിയിലൂടെ സ്വയം ഡ്രൈവ് ചെയ്ത് പോകാം.. അതിനുശേഷവും തങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ മാത്രം ജര്‍മ്മന്‍ ലൈസന്‍സിന് അപേക്ഷിച്ചാല്‍ മതിയാകും.

ഓസ്‌ട്രേലിയ-ഓസ്‌ട്രേലിയന്‍ സ്റ്റേറ്റുകളില്‍ നിയമങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ആവശ്യപ്പെടുമ്പോള്‍ ചില സ്റ്റേറ്റുകളില്‍ നമ്മുടെ കയ്യിലുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് വണ്ടി ഓടിക്കാം. എന്നാല്‍ ഓസ്‌ട്രേലിയയില്‍ താമസിക്കാനെത്തുന്നയാള്‍ക്ക് മൂന്നുമാസം വരെ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് യാത്ര ചെയ്യാം.

അമേരിക്ക-അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരമാകും ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാനാകുക. ഫ്‌ളോറിഡ പോലെയുള്ള സ്റ്റേറ്റുകളില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിക്കാനാകും.

ഫിന്‍ലാന്‍ഡ്-ഇന്‍ഷുറന്‍സിന്റെ കാലാവധിയനുസരിച്ച് ആറുമാസം മുതല്‍ ഒരു വര്‍ഷംവരെ ഫിന്‍ലാന്‍ഡിലെ റോഡുകളില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് വാഹനമോടിക്കാം.

ഈ രാജ്യങ്ങളില്‍ പോകേണ്ടി വന്നാല്‍ ഇനി മേല്‍പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ഓര്‍മയില്‍ വെച്ചോളൂ.