ദുബായ്: യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ജോലി അനിശ്ചിതത്വത്തില്‍. 200 ലേറെ നഴ്സ്മാര്‍ക്ക് ജോലി നഷ്ടമായി. യുഎഇയില്‍ നഴ്‍സുമാരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അധികൃതര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനയാണ് ഇന്ത്യന്‍ നഴ്‍സുമാരെ പ്രതിസന്ധിയിലാക്കിയത്. നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്‍ലര്‍ ഡിഗ്രിയാക്കി നിശ്ചയിച്ചതോടെ ഡിപ്ലോമ മാത്രമുള്ള നിരവധിപ്പേര്‍ ജോലി നഷ്ടമാകുമെന്ന ഭീഷണിയിലാണ്.
കേരളത്തിന് പുറത്തുപഠിച്ച ഡിപ്ലോമ നഴ്സുമാര്‍ക്ക് ഉപരിപഠനത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. വിവിധ എമിറേറ്റുകളില്‍ ഇതിനോടകം ഇരുനൂറോളം പേര്‍ക്ക് ജോലി നഷ്ടമായി. ജോലി നഷ്ടമാവാത്ത നിരവധി പേരെ തരംതാഴ്ത്തുകയും ചെയ്തു. ഡിപ്ലോമ മാത്രമുള്ള നഴ്സുമാര്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ യുഎഇയിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‍സിങ് കോഴ്സ് പഠിച്ച് പാസാവണം. 2020നകം കോഴ്സ് പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം.