മറന്നുവെച്ച ടിക്കറ്റിന് ഏഴുകോടി അടിച്ചു; യുഎഇയില്‍ ഭാഗ്യം തേടിയെത്തിയത് മലയാളിയെ

2

ഷാര്‍ജ: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ മലയാളിയെ തേടിയെത്തിയത് പത്ത് ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് അസ്‌ലമിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ നടന്ന നറുക്കെടുപ്പിന് പിന്നാലെ അസ്‌ലമിന്റെ 294-ാം സീരീസിലുള്ള 0369 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റെടുത്തെങ്കിലും സമ്മാനത്തെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്നതിനാല്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ടിക്കറ്റ് വീട്ടില്‍ മറന്നുവെയ്ക്കുകയായിരുന്നു.

പിന്നീട് തന്റെ ടിക്കറ്റിന് സമ്മാനം അടിച്ചെന്ന ഉറപ്പിച്ചതോടെ വീട്ടില്‍ വിളിച്ച് ടിക്കറ്റ് അവിടെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തതെന്ന് അസ്‌ലം പറഞ്ഞു. 12 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന അസ്‌ലം ഇപ്പോള്‍ എമിറേറ്റ്‌സ് നാഷണല്‍ ഫാക്ടറി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്.

ഏഴ് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന അസ്‌ലം ഐറിഷ് വില്ലേജ് ഷോപ്പില്‍ നിന്നാണ് ടിക്കറ്റെടുത്തത്. പലപ്പോഴും കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ടിക്കറ്റെടുത്തിരുന്നതെങ്കിലും ഒറ്റയ്‌ക്കെടുത്ത ടിക്കറ്റിനാണ് ഒടുവില്‍ സമ്മാനം ലഭിച്ചത്. ടിക്കറ്റ് കൊണ്ടുവരാനായി അടുത്ത ദിവസം അസ്‌ലം വീട്ടിലേക്ക് പോകും.

1999ല്‍ തുടങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇതുവരെ വിജയിയാവുന്ന 139-ാമത്തെ ഇന്ത്യക്കാരനാണ് അസ്‌ലം. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ മറ്റ് രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ജോണ്‍ കുര്യന്‍ ജോണിന് ഓഡി ആര്‍8 ആര്‍ഡബ്ല്യൂഎസ് വി10 കാറാണ് ലഭിച്ചത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന 55കാരനായ അബ്ദുല്ലക്ക് ബിഎംഡബ്ല്യൂ ആര്‍9 ടി മോട്ടോര്‍ ബൈക്കും സമ്മാനം അടിച്ചു.