ദുബായ്: ബിസ് ഇവന്റുകളുമായി സഹകരിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സംഘടിപ്പിച്ച യുഎഇയിലെ ഏറ്റവും വലിയ കലോത്സവത്തിൽ ആയിരത്തോളം പ്രതിഭകളാണ് മാറ്റുരച്ചത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ് തിരി തെളിയിച്ചതോടെയാണ് ദുബായ് അമിറ്റി സ്കൂളിൽ ഡിസംബർ 2, 3 തീയതികളിൽ നടന്ന ഇൻഡീവുഡ് ടാലന്റ് ഹണ്ട് ഗ്രാന്റ് ഫിനാലെയ്ക്ക് തുടക്കമായത്.
സംഗീതം, നൃത്തം, ഫോട്ടോഗ്രാഫി, ഫൈൻ ആർട്സ്, ഫിലിം മേക്കിംഗ്, ഡിസൈനിംഗ്, ക്വിസ്, ടെക്നിക്കൽ, ഡ്രമാറ്റിക്സ്, ക്രിയേറ്റീവ് മീഡിയ വിഭാഗങ്ങളിലെ വിജയികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ഗ്രാന്റ് ഫിനാലെയിൽ മത്സരിച്ചത്. ഇതിൽ കലാതിലകം, കലാപ്രതിഭാ പട്ടങ്ങൾക്കായി കടുത്ത പോരാട്ടമാണ് നടന്നത്. കേവലം വിജയികൾക്കുള്ള സമ്മാനങ്ങൾക്ക് പുറമെ ഇന്ത്യൻ സിനിമാ മേഖലയിലേക്ക് പ്രതിഭകളെ എത്തിക്കുന്ന വേദിയാണ് ഇൻഡീവുഡ് ടാലന്റ് ഹണ്ട് എന്ന് സോഹൻ റോയ് പറഞ്ഞു. കലാപ്രതിഭ, കലാതിലകം തുടങ്ങി വിവിധ മത്സരങ്ങളിലെ വിജയികളുടെ വിവരങ്ങൾ www.indywoodtalenthunt.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുഎഇയിലെ നാനൂറിൽപ്പരം മ്യുസിക് & ആർട്ട്സ് സ്‌കൂളുകളിൽ നിന്നും പ്രാഥമിക റൗണ്ടുകളിലും സെമി ഫൈനൽ റൗണ്ടുകളിലും മത്സരിച്ച് വിജയിച്ച വിദ്യാർത്ഥികളാണ് ഗ്രാന്റ് ഫിനാലെയിൽ മത്സരിച്ചത്. പത്തുലക്ഷത്തോളം ആളുകൾ ഭാഗമായ യുഎഇയിലെ കലോത്സവങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ വിധി പ്രഖ്യാപനമാണ് ഇൻഡീവുഡ് ടാലന്റ് ഹണ്ടിന്റേത്. പൊതുജന പങ്കാളിത്തത്തോടുകൂടി നടന്ന ഓൺലൈൻ വോട്ടിംഗ്, മത്സരാർത്ഥികളുടെ വീഡിയോകൾക്ക് യൂട്യൂബിലൂടെ ലഭിച്ച സ്വീകാര്യത, വിദഗ്‌ധരായ ജൂറിമാർ നൽകിയ സ്‌കോർ മുതലായവ വിലയിരുത്തിയായിരുന്നു ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഇവരാണ് ഗ്രാന്റ് ഫിനാലെയിൽ മത്സരിച്ചത്.
ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റുകൾ കരസ്ഥമാക്കിയ മത്സരാർഥികളിൽ നിന്നാണ് കലാപ്രതിഭ, കലാതിലകം എന്നിവരെ തിരഞ്ഞെടുത്തത്. പ്രതിഭ തെളിയിച്ച മത്സരാർത്ഥികൾക്ക്, സിനിമ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര വേദികളിൽ തുടർന്നും അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഇൻഡിവുഡ് ടാലന്റ് ഹണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇൻഡിവുഡ് കൺസോർഷ്യത്തിൽ അംഗങ്ങളായ യുഎഇ യിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയോടുകൂടിയാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് സംഘടിപ്പിച്ചിട്ടുള്ളത്. സമാപനച്ചടങ്ങുകളിൽ ഐബിസിയുടെ സ്ഥാപക ചെയർമാൻ സോഹൻ റോയിയുടേയും ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിലെ (ഐബിസി ) പ്രമുഖ അംഗങ്ങളും വേദിയിൽ എത്തി.
ഡിസംബർ 3 ന് വൈകീട്ട് 6 മണിക്ക് നടന്ന സമാപന ചടങ്ങിൽ ഗിന്നസ് ബുക്ക് പുരസ്‌കാര ജേതാവും പ്രശസ്ത കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസ്സി, ചലച്ചിത്ര പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ സൂരജ് സന്തോഷ് എന്നിവരുടെ സംഗീത വിരുന്ന് അരങ്ങേറി. ഇതോടെ ഈ വർഷത്തെ മത്സരങ്ങൾക്ക് സമാപനമായി.