ലോകവ്യാപകമായി അടുത്ത നാല്പത്തിയെട്ട് മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടു കുറച്ചു സമയത്തേക്കു നെറ്റ്‌വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ് റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമാണിതെന്ന് ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) അറിയിച്ചു.
ഈ മാറ്റത്തിനു തയാറാകാത്ത ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെയും ഉപയോക്താക്കള്‍ക്ക് പ്രശ്‌നമുണ്ടായേക്കാമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റ് (സിആര്‍എ) മുന്നറിയിപ്പു നല്‍കി.