ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായെന്ന് ഇസ്രയേല്‍

0

ജറൂസലം: ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായെന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. ഗാസ സിറ്റിയുടെ പൂര്‍ണ നിയന്ത്രണം ഇസ്രയേല്‍ പ്രതിരോധ സേന ഏറ്റെടുത്തു. ഇസ്രയേല്‍-ഹമാസ് യുദ്ധം നാല്‍പ്പതാം ദിവസത്തിലേക്കു കടക്കുമ്പോഴാണു പ്രതിരോധ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. ഗാസയിലെ എല്ലാ പ്രദേശത്തേക്കും ഇസ്രയേല്‍ സേന മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹമാസ് പ്രവര്‍ത്തകര്‍ ഗാസയുടെ തെക്ക് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ സേനയെ തടയാന്‍ ഒരു ശക്തിയും ഗാസയില്‍ ശേഷിക്കുന്നില്ല. ഗാസയിലുള്ളവര്‍ക്ക് ഹമാസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, പ്രതിരോധ മന്ത്രി വ്യക്തമാക്കി.

ഗാസയിലെ സുപ്രധാന കേന്ദ്രങ്ങൾ പിടിച്ചെടുത്തതായി ഇസ്രയേൽ സേന അറിയിച്ചു. ഗാസ പാര്‍ലമെന്‍റ് മന്ദിരം, പൊലീസ് ആസ്ഥാനം തുടങ്ങിയ പിടിച്ചെടുത്തതിന്‍റെ ചിത്രങ്ങൾ സേന പുറത്തുവിട്ടിരുന്നു. ഗാസ ഗവർണറുടെ വസതിയിലും സേന എത്തിയിട്ടുണ്ട്.

ഇതിൽ പലയിടങ്ങളും ഹമാസിന്‍റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളാണെന്നും സേന അറിയിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ഹമാസിന്‍റെ മുതിര്‍ന്ന കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതായും സേന അവകാശപ്പെടുന്നു. ഹമാസിന്‍റെ ഖാന്‍ യൂനിസ് ബ്രിഗേഡിലെ സീനിയര്‍ ഓഫിസര്‍ യാക്കൂബ് അഷറും ഇക്കൂട്ടത്തില്‍പ്പെടുന്നു. വടക്കന്‍ ഗാസയില്‍ തമ്പടിച്ചിരിക്കുന്ന ഹമാസിന്‍റെ കമാന്‍ഡര്‍മാരെയാണ് ഇപ്പോള്‍ കരയുദ്ധത്തില്‍ ലക്ഷ്യം വയ്ക്കുന്നതെന്നും സേന വ്യക്തമാക്കി.