ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവാദൗത്യം നടത്തിയ ഭാരതം അടുത്തതായി ശുക്രദൗത്യത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ മംഗൾയാന്റെ രണ്ടാം പര്യവേഷണം 2021 ൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
ഇതിനെത്തുടർന്ന് ശുക്രഗ്രഹത്തെ പഠിക്കാൻ വേണ്ടിയുള്ള ദൗത്യം സാക്ഷാത്കരിക്കാനാണ് ഐ എസ് ആർ ഒ ശ്രമിക്കുന്നത് .ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നാസയുമായി ഐ എസ് ആർ ഒ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ബഹിരാകാശ ഗവേഷണ ഫണ്ടിൽ 23 ശതമാനം വർദ്ധനവ് നൽകി പൂർണ പിന്തുണയുമായി കേന്ദ്രസർക്കാരും സഹകരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട് .
അതേ സമയം ഇന്ത്യയുടെ ശുക്രദൗത്യത്തിൽ ഉറപ്പായിട്ടും പങ്കാളിയാകാൻ നാസ തയ്യാറാണെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബോറട്ടറി ഡയറക്ടർ മൈക്കൽ വാട്കിൻസ് വ്യക്തമാക്കി.ഫെബ്രുവരി 15 ന് ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഐ എസ് ആർ ഒ . ഒരു ദൗത്യത്തിൽ നൂറു ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ഇന്നുവരെ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല . ഇത് വിജയിച്ചാൽ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ മഹത്തായ നേട്ടമായി കണക്കാക്കപ്പെടുമെന്ന് മാത്രമല്ല ലോകറിക്കാർഡായി മാറുകയും ചെയ്യും.മൂന്ന് ഇന്ത്യൻ ഉപഗ്രഹങ്ങളും 101 ചെറിയ വിദേശ ഉപഗ്രഹങ്ങളുമാണ് ഫെബ്രുവരി 15 ന് വിക്ഷേപിക്കുന്നത്.101 വിദേശ ഉപഗ്രഹങ്ങളിൽ 96 എണ്ണവും അമേരിക്കയുടേതാണ് . ബാക്കിയുള്ള അഞ്ചെണ്ണം ഇസ്രയേൽ , കസാക്കിസ്ഥാൻ , ഹോളണ്ട് , സ്വിറ്റ്സർലാൻഡ്, യു എ ഇ എന്നീ രാജ്യങ്ങളുടേതാണ്.