ആനക്കൊമ്പ് കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസ് രജിസ്റ്റർ ചെയ്ത് ഏഴു വർഷത്തിനു ശേഷമാണ് മോഹൻലാലിനെ വനം വകുപ്പ് പ്രതി ചേർക്കുന്നത്. ഇതിനു മുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം വകുപ്പു മന്ത്രിയായിരുന്ന കാലത്ത് ആനക്കൊമ്പുകൾ സൂക്ഷിക്കാൻ ലാലിന് സർക്കാർ അനുമതി നൽകിയിരുന്നു.
വന്യജീവി സംരക്ഷണ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പ് കൈമാറിയതിനും സൂക്ഷിച്ചതിനുമാണ് കേസ്.
തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിംഗ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പിഎന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തില്‍കെ കൃഷ്ണകുമാര്‍, ചെന്നൈ ടെയ്‌ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ട്‌മെന്റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജി ധനിക് ലാലാണ് കുറപത്രം സമര്‍പ്പിച്ചത്. കെ കൃഷ്ണകുമാറും പിഎന്‍ കൃഷ്ണകുമാറും ചേര്‍ന്നാണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയത്. ഏഴ് വര്‍ഷം മുമ്പ് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് നീണ്ടുപോകുന്നതിനെ കോടതി വിമര്‍ശിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ലൈസന്‍സ് ഇല്ലാത്തതിനാല്‍ സുഹൃത്തുക്കളായ രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2011ല്‍ ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ സൂക്ഷിച്ച രണ്ട് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
ആനക്കൊമ്പുകളുടെ അവകാശം മോഹന്‍ലാലിന് വിട്ടുകൊടുത്ത ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കുന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എ എ പൗലോസാണ് കോടതിയെ സമീപിച്ചത്.