ആൻലിയയുടെ ദുരൂഹമരണത്തിനു പിന്നാലെ അവരെയും നഴ്സിങ് സമൂഹത്തെയും അവഹേളിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡണ്ട് ജാസ്മിൻ ഷാ രംഗത്ത്.
നഴ്സിങ് സമൂഹവും അവരെ ഇഷ്ടപ്പെടുന്നവരും രൂക്ഷമായ ഭാഷയിലാണു മറുപടി നൽകിയത്. ആൻലിയയുടെ ഭർത്താവിന്റെ ഒരു വിഡിയോ തന്റെ വോളിൽ പോസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ചിലർ മെസേജ് അയച്ചു.
ആൻലിയയുടെ സഹപാഠികളോടും അധ്യാപകരോടും താൻ വിവരങ്ങൾ അന്വേഷിച്ചിരുന്നെന്നും താൻ കേട്ടറിഞ്ഞ ആൻലിയ വളരെ സ്മാർട്ടായ ഒരാളാണെന്നും ജാസ്മിൻ ഷാ പറഞ്ഞു. മാതാപിതാക്കളുമായി നല്ല സൗഹൃദത്തിലുള്ള ആൻലിയയുമായി മാതാപിതാക്കൾ വിവാഹശേഷം ബന്ധമൊന്നും പുലർത്തിയിരുന്നില്ലെന്ന് വിശ്വസിക്കാൻ കാരണമില്ല. താൻ സംസാരിച്ച ആരും ആൻലിയയെക്കുറിച്ച് മോശം അഭിപ്രായം പറയുകയുണ്ടായില്ലെന്നും ജാസ്മിൻ ഷാ ഫേസ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കി.
താൻ പഠിച്ച വെസ്റ്റ്ഫോർട്ട് കോളജ് ഓഫ് നഴ്സിങ്ങിലാണ് ആൻലിയയും പഠിച്ചത്. ആൻലിയയെപ്പറ്റിയുള്ള അന്വേഷണത്തിൽ മികച്ച അഭിപ്രായമാണു സഹപാഠികൾക്കും സീനിയർ, ജൂനിയർ വിദ്യാർഥികൾക്കും അധ്യാപകർക്കും പറയാനുള്ളത്. പഠനത്തിലെന്ന പോലെ മികച്ച പാട്ടുകാരിയുമാണ്. കോളജിലെ ‘സ്മാർട്’ വിദ്യാർഥിനികളിലൊരാൾ. എപ്പോഴും ചിരിച്ചു സന്തോഷവതിയായി മാത്രം സഹപാഠികൾ കണ്ടവൾ. ഒരാൾക്കു പോലും മോശം അഭിപ്രായമില്ല. വിവാഹശേഷം മാതാപിതാക്കൾ മക്കളെ വിളിക്കാതിരിക്കില്ല എന്നാണു തന്റെ വിശ്വാസം. ആൻലിയ മാതാപിതാക്കളുമായി നല്ല സൗഹൃദത്തിലുമായിരുന്നു. കേട്ടറിഞ്ഞ സ്മാർട്ടായ ആൻലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല എന്നും
ജാസ്മിൻ ഷാ ഫേസ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കി.
കാണാതായപ്പോൾ എന്തുകൊണ്ട് ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല എന്നതു പ്രസക്തമായ ചോദ്യമാണ്. അവരെയല്ലേ ന്യായമായും ആദ്യം അറിയിക്കുക? വിഡിയോ ഒരു ശബ്ദരേഖ രൂപത്തിൽ ഇന്റർവ്യൂ ആയി വന്നതിനാൽ അതൊരു പ്ലാൻഡ് സ്റ്റോറിയാണോയെന്നു സംശയിക്കുന്നവരെ കുറ്റം പറയാൻ സാധിക്കുമോ? മരിച്ചു മണ്ണിനോടു ചേർന്ന ആൻലിയയെ അപമാനിക്കുന്നവരോടും അധിക്ഷേപിക്കുന്നവരോടും പുച്ഛം. ആൻലിയയുടെ വിയോഗത്തിൽ വിഷമിക്കുന്നവരോടൊപ്പം മാത്രമാണു താൻ– ജാസ്മിൻ പറയുന്നു.