ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ

0

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരം എന്ന് റിപ്പോര്‍ട്ട് . ജീവന്‍ പിടിച്ചു നിര്‍ത്തുന്നത് എക്കാമോ എന്ന ഉപകരണത്തിലൂടെയാണ് എന്നാണ് പുറത്തു വരുന്ന വിവരം .ഹൃദ്രോഗവുമായി മരണത്തോട് മല്ലിടുന്നവര്‍ക്ക് ഘടിപ്പിക്കുന്ന ഉപകരണമാണ് ഇത്. എക്കാമോ എന്നാല്‍ എക്സ്ട്രാ കോര്‍പ്പറല്‍ മെമബ്രന്‍ ഓക്സിജനേഷന്‍ എന്നാണ്. ഈ ഉപകരണത്തിലൂടെയാണ് നിലവില്‍ രക്തം ജയലളിതയുടെ ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നത്.ഞരമ്പുകളിലെ രക്തം വറ്റിച്ചാണ് ഈ ഉപകരണത്തിലൂടെ രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ഹൃദയത്തോടൊപ്പം തകരാറിലാകുമ്പോഴാണ് ഈ ഉപകരണം ഉപയോഗിക്കേണ്ടി വരുന്നത്. ശസ്ത്രക്രിയയിലൂടെ ജയലളിതയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടാണിത്.

ഈ സാഹചര്യത്തിലാണ് ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഇംഗ്ലണ്ടില്‍ നിന്നും ആദ്യം ചികിത്സ നല്‍കിയിരുന്ന ലണ്ടനിലെ വിദഗ്ധ ഡോക്ടറായ റിച്ചാര്‍ഡ് ബെയ്ലി ഇന്ന് വീണ്ടും  ചെന്നൈയിലെത്തും.ലോകത്തെ മികച്ച ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടറും ഗവേഷകനുമാണ് ഡോക്ടര്‍ റിച്ചാര്‍ഡ്. ഇദ്ദേഹം വരുംദിവസങ്ങളില്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബെയ്ലി ചര്‍ച്ച നടത്തി.

നേരത്തേയും അതീവ ഗുരുതരാവസ്ഥയിലേക്ക് ജയ പോയപ്പോള്‍ ബെയ്ലി ചെന്നൈയിലെത്തിയിരുന്നു.എയിംസിലെ ഡോക്ടര്‍മാര്‍ക്ക് എല്ലാ വിധ നിര്‍ദ്ദേശവും നല്‍കിയത് ബെയ്ലിയായിരുന്നു. ഇവരുടെ നിര്‍ദ്ദേശമാണ് അപ്പോളോ ആശുപത്രി നടപ്പിലാക്കിയതും ജയ ആരോഗ്യം വീണ്ടെടുത്തതും. സെപ്റ്റംബര്‍ 22ന് ആണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണു ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായത്.