അപവാദ പ്രചാരണങ്ങള്‍ ഒന്ന് നിര്‍ത്തൂ;ജെസ്നയെ കണ്ടെത്താന്‍ നമുക്കും സഹായിക്കാം

1

ഒന്നും പറഞ്ഞ് ആര്‍ക്കും ആശ്വസിപ്പിക്കാന്‍ പറ്റാത്ത കൊല്ലുന്ന നിശബ്ദതയാണ് കുന്നത്തുവീട്ടില്‍. ഒരു തെളിവുകള്‍ പോലും ബാക്കിവെയ്ക്കാതെ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമായ ജെസ്‌നയ്ക്കായി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പിലാണ് ഇവിടെ ജെസ്നയുടെ പിതാവും സഹോദരങ്ങളും.


പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്നയുടെ തിരോധാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. മുക്കൂട്ടുതറ കുന്നത്ത്‌വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ(20) മാര്‍ച്ച് 22 ന് രാവിലെ 9.30 നാണ് കാണാതായത്.പോലീസ് അന്വേഷണം നടക്കുന്നുവെങ്കിലും ഇതുവരെ  ജെസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജസ്‌നയുടെ വാട്‌സ്ആപ്പും മൊബൈല്‍ഫോണുമൊക്കെ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ അവയിലൊന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. കാണാതായ ജെസ്‌ന എരുമേലി ബസ്സ്‌റ്റോപ്പില്‍ വരെ എത്തിയെന്ന് മാത്രമാണ് പോലീസിന് ലഭിച്ച ഒരേയൊരു തെളിവ്.

ഇതിനിടയില്‍ ജെസ്നയുടെ തിരോധാനത്തെ കുറിച്ചു വളരെ മോശമായ അപവാദപ്രചരണം നടക്കുന്നുണ്ട്. പക്ഷേ അവരെല്ലാം സത്യാവസ്ഥ എന്തണെന്നു മനസ്സിലാക്കിയിട്ടു വേണം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ എന്നു  സഹോദരന്‍ ജെയ്സ് പറയുന്നു. അവൾക്കെന്തെങ്കിലും മോശമായി സംഭവിക്കുകയാണെന്ന് പിന്നീ‌ട് അറിയുകയാണെങ്കിൽ ഇപ്പോൾ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാൻ പറ്റാത്തതായിരിക്കും. തങ്ങളു‌െടെ അവസ്ഥ മനസ്സിലാക്കി തങ്ങളുടെ സ്ഥാനത്തുനിന്നു ചിന്തിച്ചു നോക്കണമെന്നും ജെസ്നയുടെ സഹോദരങ്ങള്‍ പറയുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന.